കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ലാബിന്റെ ഉദ്ഘാടനം നടത്തി. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എയറോസ്‌പേസ് വിഭാഗം പ്രഫ. ഡോ. സുരേഷ് സുന്ദരം ഉദ്ഘാടനം ചെയ്തു.
ആധുനിക വ്യാവസായിക സാങ്കേതിക വിദ്യകളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സജീകരിച്ച ലാബില്‍ യൂണിവേഴ്‌സല്‍ റോബോട്ട്‌സ് കമ്പനിയുടെ ആധുനിക കോളാബറേറ്റീവ് റോബോട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യരോടൊപ്പം സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ റോബോട്ടുകള്‍ വിദ്യാര്‍ഥികള്‍ക്ക് വ്യാവസായിക ഓട്ടോമേഷന്‍, പ്രോഗ്രാമിംഗ്, മനുഷ്യറോബോട്ട് സംയോജിത പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രായോഗിക പരിശീലനം നേടാന്‍ സഹായകമാകും. മാര്‍ അത്തനേഷ്യസ് കോളജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അധ്യക്ഷനായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ്, ലാബ് ഇന്‍ചാര്‍ജ് പ്രഫ. എല്‍ദോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

















































