കോതമംഗലം: ലഹരിമാഫിയയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിനോടനുബന്ധിച്ച് മന്ത്രി തൂഫാൻ പതാക ഉയർത്തി. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രിയുടെ സ്വീകരണവേളയിൽ എസ്പിസി വിദ്യാർഥികളുടെ സല്യൂട്ടും ബാൻഡ് മേളവും ഉണ്ടായിരുന്നു. ഡീൻ കുര്യാക്കോസ് എംപി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായി പങ്കെടുത്തു.
മുൻ എംഎൽഎ ജോസഫ് വാഴക്കൻ, ക്രൈംബ്രാഞ്ച് എസ് പി സി .എസ് ഷാഹുൽ ഹമീദ്, നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, നഗരസഭ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, നേതാക്കന്മാരായ എ.ജി. ജോർജ്, കെ.പി. ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ് എൽദോസ്, അബു മൊയ്തീൻ, എ.ടി. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ കൗൺസിലർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും കോളേജുകളിലെ എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുമടക്കം യുവാക്കളുടെ വലിയ പങ്കാളിത്തം പരിപാടിക്കുണ്ടായി.
ലിറ്റിൽ ഫ്ലവർ ഊന്നുകൽ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബും ചടങ്ങിൽ ശ്രദ്ധേയമായി. ലഹരിക്കെതിരായ പോരാട്ടം പ്രാദേശികതലത്തിൽ കൂടുതൽ ശക്തമാക്കുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് ചടങ്ങിൽ 15 പേരെ തൂഫാൻ വാരിയർമാരായി തെരഞ്ഞെടുത്തു. യുവജനങ്ങളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുകയും ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് തൂഫാൻ വാരിയർമാരുടെ ദൗത്യം.



















































