കോതമംഗലം : കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായ പുന്നേക്കാട് – തട്ടേക്കാട് റോഡിലെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജിന്റെ നേതൃത്വത്തിൽ കീരംപാറ യുഡിഎഫ് കമ്മിറ്റി വനംവകുപ്പിന് സോളാർ ലൈറ്റുകൾ കൈമാറി. അഞ്ച് യൂണിറ്റ്ലൈറ്റുകളാണ് ആദ്യഘട്ടം കൈമാറിയത്.
വർഷങ്ങളായി പ്രദേശത്ത് വൈദ്യുതി ബന്ധമില്ലാത്തതിനാൽ തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടില്ല.റോഡ് രാത്രിയിൽ പൂർണമായും ഇരുട്ടിലാകുന്നത് യാത്രക്കാരെ വലിയ ആശങ്കയിൽ ആഴ്ത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയിലും സ്കൂട്ടർ യാത്രികൻ കാട്ടാനക്ക് മുന്നിൽ പ്പെട്ടിരുന്നു. അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്കൂട്ടർ ആന തകർക്കുകയും ചെയ്തു. പുന്നേക്കാട്
നിന്ന് കുട്ടമ്പുഴയിലേക്കുള്ള രാത്രി യാത്ര കാട്ടാന ആക്രമണ ഭീഷണി മൂലം ഏറെ അപകടകരമായ ഒന്നായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തര പരിഹാരം എന്ന നിലയിലാണ് സോളാർ ലൈറ്റുകൾ വനംവകുപ്പിന് കൈമാറിയത് എന്ന് ബ്ലോക്ക് മെമ്പർ പറഞ്ഞു.തുടർന്ന് റോഡിൽ സ്ഥിരമായി വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികൾ എംഎൽഎയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും കീരംപാറ യുഡിഎഫ് കമ്മിറ്റി വ്യക്തമാക്കി.
ചടങ്ങിൽ കേരള കോൺഗ്രസ് കീരംപാറ മണ്ഡലം പ്രസിഡണ്ട് ജോജി സ്കറിയ, യുഡിഎഫ് ചെയർമാൻ രാജു എബ്രഹാം യൂത്ത് കോൺഗ്രസ് കീരംപാറ മണ്ഡലം പ്രസിഡണ്ട് ജോസഫ് രഞ്ജിത്ത്,വാർഡ് മെമ്പർ ബിന്ദു റെജി, വനസംരക്ഷണസമിതി ചെയർമാൻ ഏലിയാസ് പോൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സഞ്ജീവ്കുമാർ, ആന്റണി കുര്യാക്കോസ് ഒലിയപ്പുറം,മത്തായി കുഞ്ഞ്, എ.കെ കൊച്ചുകുറു, എൽദോസ് വർഗീസ്,റോയ് ഓടയ്ക്കൽ ബേസിൽ ബേബി, ജോളി പാസ്റ്റർ എന്നിവർ പങ്കെടുത്തു.



















































