കോതമംഗലം : സമൂഹത്തിൽ പ്രയാസമാനുഭവിക്കുന്ന സ്ത്രീകളുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യമാക്കിയുള്ള ‘നിർഭയ സെന്റർ ഫോർ വുമൺ ഇൻ ഡിസ്ട്രെസ്’ കോതമംഗലത്ത് നിർമാണം ആരംഭിച്ചു. നിർഭയ ഫൌണ്ടേഷന് കീഴിലെ ആദ്യ സംരംഭമാണ് വുമൺ ഇൻ ഡിസ്ട്രെസ്. കോതമംഗലം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലി ഫൌണ്ടേഷനാണ് നിർഭയ കേന്ദ്രത്തിനു ആവശ്യമായ സ്ഥലം നൽകിയത്. നിർഭയ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കും പീസ് വാലി പിന്തുണ നൽകും.
ഗാർഹിക പീഡനത്തിന് ഇരയാക്കപെട്ടവർ, വിധവകൾ, ശാരീരിക-മാനസിക പീഡനങ്ങളെ അതിജീവിച്ചവർ എന്നിങ്ങനെ വിവിധ തരത്തിലുള്ളവർക്ക് നിർഭയ ആശ്വാസമാകും. അഭയം തേടി എത്തുന്നവരെ പുനരധിവാസം നൽകി സ്വയം തൊഴിലിലൂടെ ശാക്തീകരിക്കുന്ന രീതിയാണ് നിർഭയ സ്വീകരിക്കുക. ഇതിനായി സ്ത്രീകളുടെ വസ്ത്ര നിർമാണ യൂണിറ്റ് ഉൾപ്പടെ ഈ കേന്ദ്രത്തിൽ സജ്ജമാക്കും. നിർമാണം പുരോഗമിക്കുന്ന 30000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം അടുത്ത വർഷം ഏപ്രിലിൽ പൂർത്തിയാകും. പ്രവാസിയായ
പി ബി സമീറാണ് കെട്ടിട നിർമാണം സ്പോൺസർ ചെയ്യുന്നത്.
ലോഗോ പ്രകാശന ക്യാമ്പയിനിന്റെ ഉത്ഘാടനം നിർഭയ ഫൌണ്ടേഷൻ ചെയർമാൻ കെ എം യൂസുഫ്, വൈസ് ചെയർപേഴ്സൺ സീമ ജി നായർ എന്നിവർ ചേർന്ന് പീസ് വാലി ഫൌണ്ടേഷൻ ചെയർമാൻ പി എം അബൂബക്കറിനു നിർഭയ ലോഗോ കൈമാറി തുടക്കം കുറിച്ചു.
പീസ് വാലി വർക്കിംഗ് കമ്മിറ്റി അധ്യക്ഷൻ കെ എ ഷെമീർ, കമ്മിറ്റി അംഗം യൂസുഫ് അലി എന്നിവർ സന്നിഹിതരായിരുന്നു.