കോതമംഗലം: കോതമംഗലം നഗരസഭയുടെ കീഴിലുള്ള ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ വലിയ അലംഭാവം കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ നാല് കോടിയോളം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ നഗരസഭയുടെ കാലാവധിക്ക് ശേഷം കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും, നിർമ്മാണം ഇഴഞ്ഞാണ് നടക്കുന്നതെന്നും കേരള കോൺഗ്രസ് (എം) ആരോപിച്ചു.
കഴിഞ്ഞമാസം നിര്‍മാണം പൂര്‍ത്തിയാകേണ്ട പദ്ധതിയുടെ കാലാവധി ഇതുമൂലം വീണ്ടും നീട്ടി നൽകിയിരിക്കുകയാണ്. സാധാരണക്കാരായ ആളുകള്‍ക്ക് സംസ്കാര ചടങ്ങുകള്‍ നടത്താനായി മൂവാറ്റുപുഴയിലോ മറ്റ് ദൂരസ്ഥലങ്ങളിലോ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് പരിഹാരം എന്ന നിലയിലാണ് കഴിഞ്ഞ ഭരണ സമിതി ക്രിമിറ്റോറിയത്തിനായി സ്ഥലം കണ്ടെത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചത്. എന്നാല്‍ നിലവിലെ നഗരസഭാ ഭരണകര്‍ത്താക്കൾക്ക് ആർജ്ജവം ഇല്ലാത്തതും, പഴയ ഭരണ സമിതി വിഭാവനം ചെയ്ത പദ്ധതി എന്നതുകൊണ്ടുമാണ് പൂർത്തീകരണം മനഃപൂർവ്വം വൈകി പ്പിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. റോണി മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ. പോൾ മുണ്ടക്കൽ, ജിജോ പീച്ചാട്ട്, ലിസി ജോസഫ്, വി.സി മത്തച്ഛൻ, മാത്യു ചേറ്റൂർ, ജോർജ് പുൽപ്പറമ്പിൽ,ബിനിൽ വാവേലി, ബെന്നി ചിറ്റൂപറമ്പിൽ, ഷാന്റി കോയിക്കകുടി, ജോർജ് മുടവൻമുകൾ, ബിനോയ് പള്ളത്ത്, സ്കറിയച്ചൻ തുടുമേൽ, ജോസ് കൊച്ചു കരോട്ട്, പയസ്സ് ആന്റണി, എ. ആർ പൗലോസ്, ജോസഫ് ആന്റണി, ജോമി എബ്രഹാം, സ്കറിയ കൊച്ചറക്കൽ, ഇ.എം ഹസൈനാർ, പീറ്റർ പിട്ടാപ്പിള്ളിൽ, ജയ്സൺ പീച്ചാട്ട്, ജോൺസൺ അവരാപാട്ട്, ഷാജി പള്ളിവാതുക്കൽ, സിനോഷ് നെടുമ്പുറം എന്നിവർ പ്രസംഗിച്ചു.



















































