കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പെരുന്നാളിനെത്തുന്ന വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യം, പൊതുമരാമത്ത് വകുപ്പ് , ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, നഗരത്തിലെ മാലിന്യപ്രശ്നം എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. കെഎസ്ആര്‍ടിസി, കെഎസ്ഇബി വകുപ്പുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും യോഗത്തിന്റെ പരിഗണനയിലെത്തി. നിലവിലുള്ള പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി.
ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ്, തഹസില്‍ദാര്‍ കെ. എസ്. സതീശന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
























































