- ലടുക്ക കുട്ടമ്പുഴ
കുട്ടമ്പുഴ : കുട്ടമ്പുഴയാറിൽ കുളിക്കാനിറങ്ങിയ കൽക്കട്ടക്കാരി കാൽ വഴുതി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷകനായത് ടിപ്പർ ഡ്രൈവർ. കുട്ടമ്പുഴ വലിയ പാലത്തിന് അടുത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടമ്പുഴയിൽ വർഷങ്ങളായി വാടകയ്ക്ക താമസിച്ചു വരുന്ന കൽക്കട്ട സ്വദേശിയായ സുമംഗറിന്റെ ഭാര്യ മിത്താലിയാണ് അപകടത്തിൽ പെട്ടത്. കുളിയ്ക്കുന്നതിനിടെ തെന്നലുള്ള പാറയിൽ ചവിട്ടി ഒഴുക്കുള്ള പുഴയിലേക്ക് വീഴുകയായിരുന്നു. പാലത്തിലൂടെ ബൈക്കിൽ പോകുകയായിരുന്ന നൂറേക്കർ സ്വദേശി മാളിയേകുടി ബാബുവാണ് ഒഴുകിവരുന്ന സ്ത്രീയെ കണ്ടത്.
തൽസമയം ബൈക്ക് ഉപേക്ഷിച്ച് ബാബു പുഴയിലേക്കു ചാടി സ്ത്രീയെ സാഹസികമായി കരക്ക് കയറ്റുകയായിരുന്നു. കരക്ക് കയറ്റിയപ്പോളാണ് ബാബു അറിയുന്നത് മിത്താലി 6 മാസം ഗർഭിണിയായാണെന്നുള്ള വിവരം. ഡ്രൈവർ കൂടിയായ ബാബു രക്ഷപെടുത്തിയത് രണ്ട് ജീവനുകളാണെന്നുള്ള കാര്യം മനസ്സിലാക്കിയ നാട്ടുകാർ അനുമോദനം കൊണ്ട് മൂടുകയാണ്.