കോതമംഗലം: പാചക വാതകത്തിന്‍റെ വില കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രഖ്യാപിച പണിമുടക്ക് താലൂക്കിൽ പൂര്‍ണ്ണം. ഹോട്ടലുകളും റസ്റ്റോറന്‍റ്കളും ബേക്കറികളും പൂർണ്ണമായി അടഞ്ഞ് കിടന്നു. ദീര്‍ഘദൂര യാതക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി വീടുകളില്‍ നിന്ന് മറ്റിടങ്ങളിലെത്തിയവരും ഭക്ഷണപാനീയങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായി.
വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍, ബസ് ജീവനക്കാര്‍, തുടങ്ങിയവരും ബുദ്ധിമുട്ട് നേരിട്ടു. ഹോട്ടലുകള്‍ അടഞ്ഞുകിടന്നപ്പോള്‍ ആശുപത്രികളിലെ ക്യാന്‍റീനുകള്‍ പ്രവര്‍ത്തിച്ചത് നിരവധിപേര്‍ക്ക് ആശ്വാസമായി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമൊപ്പം ടൗണിലെത്തിയ മറ്റുള്ളവര്‍ക്കും ക്യാന്‍റീനുകളെ ആശ്രയിക്കാന്‍ കഴിഞ്ഞു.
അതേസമയം സമരംമൂലമുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നവരും ഹോട്ടലുകാരുടെ സമരം ന്യായമാണെന്ന് അഭിപ്രായപ്പെട്ടു. പാചകവാതക വിലയിലെ വര്‍ദ്ധനവ് അമിതമാണെന്നാണ് പൊതുഅഭിപ്രായം. സമരാനുകൂലികൾ നഗരത്തിൽ നടത്തിയ പ്രകടനവും പൊതു സമ്മേളനവും മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു.

















































