കോതമംഗലം :- ആരവങ്ങളും , ആളുകളും , വാഹനങ്ങളും വഴികളിൽ നിറഞ്ഞ ഒരു ദിനമായിരുന്നു കഴിഞ്ഞു പോയ ഡിസംബർ ഒൻപതും, പത്തും. സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ അംഗനവാടികൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പത്താം തിയതിയിലെ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടക്കുന്ന സമയം. എറണാകുളം ജില്ലയിലെ പോളിംഗ് ബൂത്തുകൾക്കടുത്തുള്ള മിക്കവാറും വീടുകളുടെ മതിലുകളും, മരങ്ങളുമെല്ലാം വിവിധ രാഷ്ട്രീയ പാർട്ടിക്കാർ മത്സരിച്ചു തിരഞ്ഞെടുപ്പിന്റെ തലേ ദിവസം രാത്രി മുഴുവൻ പോസ്റ്റർ ഒട്ടിച്ചു. പരമാവധി ഫ്ലെക്സ് ബാനറുകൾ കൊണ്ട് മൊത്തത്തിൽ കളറാക്കി സ്ഥാനാർഥികൾ, കൂട്ടാളികൾ, അനുഭാവികൾ, എല്ലാവരും പുലരുവോളം അധ്വാനിച്ചു ബോർഡുകളും പോസ്റ്ററുകളുമെല്ലാം റോഡിനിരുവശവും വച്ചു മനോഹരമാക്കി.
ഡിസംബർ പത്താം തിയതി രാവിലെ ഏഴു മണി മുതൽ വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കാൻ, സ്ഥാനാർഥികളുടെ പേരുകൾ ഒരു വട്ടം കൂടി അവരുടെ മനസ്സിൽ നിറയാൻ നടത്തിയ അവസാനം ശ്രമങ്ങൾ. കൈപ്പത്തിയും, കുടവും, ചെണ്ടയും, താമരയും, രണ്ടിലയും, അരിവാൾ ചുറ്റിക നക്ഷത്രവും വഴിയരികിൽ നിറഞ്ഞു നിന്ന ഡിസംബർ പത്ത്.
പല വീടുകളുടെയും കാർപോർച്ചും,എന്തിനു പറയുന്നു വീട്ടിലേക്കുള്ള വഴി വരെ രാഷ്ട്രീയ പാർട്ടിയുടെ ബൂത്തുകൾ ആയി മാറി. മൈദ പൊടിയും, സ്റ്റാപ്ലയർ, പ്ലാസ്റ്റിക് വള്ളി,തുടങ്ങി പോസ്റ്റർ പതിക്കുന്നതിനുള്ള സാമഗ്രികൾ പരമാവധി ഉപയോഗിച്ച് അവരവരുടെ പാർട്ടിയുടെ ശക്തി, പോസ്റ്ററുകൾ വഴി, ചിഹ്നങ്ങൾ വഴി പ്രകടമാക്കി റോഡിന്റെ വശങ്ങൾ അലങ്കരിച്ചു.
അങ്ങനെ ഇലക്ഷൻ കഴിഞ്ഞു, ഇപ്പോൾ ഇതേ നിരത്തുകളുടെ ഇരു വശങ്ങളിൽ കീറിയ പോസ്റ്ററുകൾ,പോസ്റ്റർ കത്തിച്ച ശേഷമുള്ള ചാരങ്ങൾ, എന്നിവ മാത്രം ബാക്കിയാകുന്നു. പത്താം തിയതി വൈകുന്നേരം ആയപ്പോഴേ സ്ഥാനാർഥിയുടെ കൂട്ടാളികൾ പോസ്റ്ററുകൾ നീക്കം ചെയ്തു തുടങ്ങി, അന്യായ തുക കൊടുത്തു തയാറാക്കിയ സ്ഥാനാർഥി പോസ്റ്ററുകൾ ചില വീടുകളിലെ അടുപ്പിൽ തീപുകക്കാൻ എടുത്തു. ബാക്കിയുള്ളവ വഴിയരികിലിട്ട് തീ കൊടുത്തു.ചില പാർട്ടിക്കാർ പോസ്റ്ററുകൾ റോഡരുകിൽ തന്നെ കൂട്ടിയിട്ടിട്ടുമുണ്ട്. ഫ്ലെക്സ് ബാനറുകൾ പാർട്ടി ഓഫീസിലും സ്ഥാനാർഥിയുടെ വീടിന്റെ മുറ്റത്തുമെല്ലാം അടുക്കി വച്ചിരിക്കുന്നു.
തിരഞ്ഞെടുപ്പ് ബാനർ വച്ചതുമൂലം ഗുണം കിട്ടിയ ചില വീട്ടുകാരുമുണ്ട്, കോതമംഗലത്ത് ഒരു വലിയ പ്ലാവിൽ സ്ഥാപിച്ച ഇലക്ഷൻ ഫ്ലെക്സ് ശ്രദ്ധിച്ച ഒരു കച്ചവടക്കാരൻ ആ പ്ലാവ് വിൽക്കുന്നുണ്ടോയെന്ന് ചോദിച്ചു, ആ വീട്ടിൽ എത്തുകയും വില്പന ഉറപ്പിക്കുകയും ചെയ്തു അങ്ങനെ , രാഷ്ട്രീയ ബാനർ കൊണ്ട് ആ വീട്ടുകാർക്ക് ഒരു ഗുണം കിട്ടി. അതുപോലെ കാടുപിടിച്ചു കിടന്ന ചില മതിലുകൾ പാർട്ടിക്കാർ വൃത്തിയാക്കി ബാനറുകളും, പോസ്റ്ററുകളും പതിച്ചതിനാൽ , കാശു മുടക്കില്ലാതെ കാടുവെട്ടൽ നടന്നെന്ന് ഒരു വീട്ടുകാരനും പറയുകയുമുണ്ടായി.
ഫ്ലെക്സ് ബാനറുകൾ പാർട്ടിക്കാർ പലരും തിരിച്ചു കൊണ്ടുപോയത് നന്നായി,അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ പല വീടുകളുടെയും കോഴിക്കൂടിനു മുകളിൽ സ്ഥാനാർഥി ചിരിച്ചിരിക്കുന്നത് കാണാമായിരുന്നു.
എന്തൊക്കെയായാലും, ഓരോ തിരഞ്ഞെടുപ്പും, പ്രത്യേകിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ്, നാട്ടിൽ വോട്ടു നേടാനാനുള്ള പാർട്ടിക്കാരുടെ പലവിധ ആഘോഷങ്ങളാൽ, അലങ്കാരങ്ങളാൽ നിറയുന്ന സമയമാണ്. ഇനി ഡിസംബർ പതിനാറു വരെ കാത്തിരിപ്പാണ്,കണക്കുകൾ കൂട്ടി, ജയിക്കുമെന്ന വിശ്വാസത്തോടെ, ഉറപ്പോടെ, വെട്ടേണ്ണുന്ന നേരം ഫലമറിയാൻ ചങ്കിടിപ്പോടെ ഒരു കാത്തിരിപ്പ്. നമുക്കും കാത്തിരിക്കാം ജനവിധിയറിയാൻ.