Connect with us

Hi, what are you looking for?

Entertainment

നടന വിസ്മയം വെള്ളിത്തിരയിൽ എത്തിയിട്ടും, മഞ്ഞിൽ വിരിഞ്ഞ ഇളം പൂവിനും നാല്പത് വയസ്സ്.

കോതമംഗലം :- മഞ്ഞു പെയ്യുന്ന വീഥികളിൽ സാധാരണ പൂക്കൾ വിരിയാറില്ല, അങ്ങനെ വിരിഞ്ഞാൽ വസന്തം സുഖകരമാവില്ലെന്നും പറയപ്പെടുന്നു. ആയിരത്തി തൊള്ളയിരത്തി എൺപത് ഡിസംബർ ഇരുപത്തിഅഞ്ച്, ക്രിസ്തുമസ് ദിനം, കേരളത്തിലെ തീയറ്ററുകളിൽ പുതുമയുള്ള ഒരു പേരോടെ അവകാശ വാദങ്ങൾ ഒന്നുമില്ലാതെ ഒരു സിനിമ റിലീസ് ചെയ്തു.’മഞ്ഞിൽ വിരിഞ്ഞ പൂവ് ‘. അക്കാലത്തെ ന്യൂ ജെൻ എന്നോ, പരീക്ഷണ സിനിമയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ചിത്രം. പുതുമുഖ സംവിധായകൻ ഫാസിൽ അണിയിച്ചൊരുക്കിയ, തമിഴിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ പുതുമുഖമായ ശങ്കർ നായകനായ, പൂർണിമ ജയറാം നായികയായ, പുതു സംഗീത സംവിധായകൻ ജെറി അമൽദേവ് ചിട്ടപ്പെടുത്തിയ നല്ല ഗാനങ്ങളുള്ള ‘മഞ്ഞിൽ വിരിഞ്ഞ പൂവ് ‘എന്ന സിനിമയുടെ പ്രത്യേകത ഇതൊന്നുമല്ല, സിനിമയുടെ ഏകദേശം പകുതിയാകുമ്പോൾ കൃത്യമായി പറഞ്ഞാൽ സിനിമ തുടങ്ങി ഒരു മണിക്കൂർ മുപ്പത്തിരണ്ടാം മിനിറ്റിൽ ‘ഗുഡ് ഈവെനിംഗ് മിസ്സിസ് പ്രഭാ നരേന്ദ്രൻ. എന്ന പിന്നീട് പ്രശസ്തമായ ഒരു ഡയലോഗും പറഞ്ഞു വെള്ളിത്തിരയിൽ നിറഞ്ഞ ഒരാൾ. അന്ന് ആ സിനിമ കണ്ട എല്ലാവരും വെറുപ്പോടെ കൊല്ലാൻ ആഗ്രഹിച്ച, മുടിയൊക്കെ നീട്ടിവളർത്തിയ,ചെരിഞ്ഞ നടത്തവുമായി ഒരു വില്ലൻ. അതെ നമ്മുടെ പദ്മശ്രീ ഭരത് മോഹൻലാൽ എന്ന നടന വിസ്മയത്തെ നമ്മുടെ ലാലേട്ടനെ ജനങ്ങൾ ആദ്യമായി വെള്ളിത്തിരയിൽ കണ്ട ചലച്ചിത്രം.

അക്കാലത്തെ പുതു തലമുറ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് നിർമിച്ചത് നവോദയ അപ്പച്ചനായിരുന്നു. സംവിധായകൻ, നായകൻ, നായിക, പ്രതിനായകൻ, സംഗീത സംവിധായകൻ തുടങ്ങി എല്ലാവരും പുതുമുഖങ്ങളായ കുറഞ്ഞ ചിലവിൽ നിർമിച്ച ഈ ചലച്ചിത്രം, പിന്നീട് അക്കാലത്തെ മെഗാ ഹിറ്റായി. റിലീസ് ചെയ്ത കുറച്ചു ദിവസം കാണികൾ കുറവായിരുന്നെങ്കിലും, കണ്ടവർ കണ്ടവർ പറഞ്ഞറിഞ്ഞു ,പിന്നീട് തീയറ്ററുകൾ ഹൗസ് ഫുൾ ആയി, കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും മെഗാ ഹിറ്റിൽ ഒന്നായി മാറി. മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ ആദ്യ ചിത്രം തിരനോട്ടമാണെങ്കിലും പുറത്തിറങ്ങിയ ആദ്യ ചിത്രമെന്ന പ്രത്യേകത മഞ്ഞിൽ വിരിഞ്ഞ പൂവിനുള്ളതാണ്. പൂർണമായും കൊടൈക്കനാലിലെ സുന്ദര ദൃശ്യങ്ങൾ പശ്ചാത്തലമായ, അതിമനോഹരമായ പാട്ടുകളുള്ള ഒരു ചിത്രം. ഇപ്പോഴും മലയാളികൾ മൂളി നടക്കാറുള്ള മിഴിയോരം നിറഞ്ഞൊഴുകും എന്ന മനോഹര ഗാനം, കൂടാതെ മഞ്ചാടി കുന്നിൽ മണി മുകിലുകൾ, മഞ്ഞണി കൊമ്പിൽ തുടങ്ങി ബിച്ചൂതിരുമല രചനയും , ജെറി അമൽ ദേവ് സംഗീതവും നൽകിയ പുതുമയുള്ള സുന്ദര ഗാനങ്ങൾ.

പ്രേം കിഷോറായി അഭിനയിച്ച ശങ്കറും, പ്രഭയായി അഭിനയിച്ച പൂർണിമയും കൊടൈക്കനിൽ കണ്ടുമുട്ടുന്നു, സൗഹൃദത്തിലാകുന്നു,അത് മെല്ലെ പ്രണയമായി മാറുന്നു. അപ്പോഴാണ് പ്രതിനായകൻ നരേന്ദ്രൻ, നമ്മുടെ ലാലേട്ടൻ അവർക്കിടയിൽ രംഗപ്രവേശം ചെയ്യുന്നു.പിന്നീട് അവസാനം പ്രഭയെ കൊല്ലുന്ന നരേന്ദ്രനെ ജീപ്പിടിച്ചു പ്രേം വകവരുത്തുകയും, പ്രഭേ….. എന്ന് വിളിച്ചു കൊണ്ട് പ്രേം കൊടൈക്കനാലിലെ ഒരു കൊക്കയിലേക്ക് ജീപ്പ് ഓടിച്ചു മറയുന്നതും കണ്ട് വിഷമിച്ച മനസ്സോടെയാണ് കാണികൾ അക്കാലത്ത് തീയറ്റർ വിട്ടത്. നരേന്ദ്രനെ കൊല്ലുന്ന രംഗം ആവേശപൂർവ്വം, ക്രോധത്തോടെ ജനങ്ങൾ തിരശീലയിൽ കണ്ടു.  മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകൻ, ശങ്കർ പിന്നീട് മലയാളത്തിലെ തിരക്കുള്ള നായക നടനായി, പൂർണിമ അറിയപ്പെടുന്ന നടിയായി, ഫാസിൽ മഹാനായ സംവിധായകനായി, ജെറി അമൽദേവ് ലാളിത്യമുള്ള ഒരു പാട് സുന്ദര ഗാനങ്ങൾ മലയാള സിനിമക്ക് നൽകി.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചലച്ചിത്രം, മലയാള സിനിമയുടെ വ്യത്യസ്ത മുഖമായി മാറി. നീല കുപ്പായമിട്ടു വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട പ്രതിനായകൻ അവസാനം ചുവന്ന കുപ്പായമിട്ട്, കാണികളുടെ വെറുപ്പ് സമ്പാദിച്ചു സിനിമയിൽ കൊല്ലപെടുമ്പോൾ പ്രേക്ഷകർ മിക്കവരും കൈയടിച്ചു സന്തോഷിച്ചിരുന്നു. പക്ഷേ, പിന്നീട് ആ പ്രതിനായകൻ എല്ലാവരുടെയും ലാലേട്ടനായി, ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളായി, മലയാളികളുടെ സ്വകാര്യ അഹങ്കാരമായി, ഒരു ജനതയുടെ വികാരമായി മാറിയ കാഴ്ചയും ഇക്കാലം കൊണ്ട് കണ്ടു. മഞ്ഞിൽ വിരിഞ്ഞ പൂവ് ഇപ്പോഴും യു ട്യൂബിലുടെയും, ടെലിവിഷൻ ചാനലുകൾ വഴിയും നമുക്ക് മുൻപിലെത്താറുണ്ട്.

പരീക്ഷണ ചിത്രങ്ങൾ ഒരു പാട് ഇറങ്ങാറുള്ള ഈ കാലത്ത്, നാല്പത് വർഷങ്ങൾക്ക് മുൻപ് തികച്ചും പുതുമുഖങ്ങളെ അണിനിരത്തി മഞ്ഞിൽ വിരിഞ്ഞ പൂവ് നിർമിച്ച നവോദയ അപ്പച്ചന്റെയും സ്വന്തമായി രചന നിർവഹിച്ചു സംവിധാനം ചെയ്ത ഫാസിലിന്റെയും ധൈര്യം അഭിനന്ദനം അർഹിക്കുന്നു. . പല കാരണങ്ങളാൽ എക്കാലവും ഓർമിക്കപെടുന്ന ഒരു സുന്ദര കലാസൃഷ്ടിയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ ഡിസംബറിൽ നാൽപതു വയസ്സു തികഞ്ഞ, ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞ ഇളം പൂവിന് ,മഞ്ഞിൽ വിരിഞ്ഞ പൂവിന് ആശംസകൾ നേരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...