Connect with us

Hi, what are you looking for?

Entertainment

ചലച്ചിത്ര കൊട്ടകകൾ മിഴി തുറക്കാനിനിയെത്ര നാൾ; കോതമംഗലത്തെ സിനിമാ പ്രേമികൾ കാത്തിരിപ്പു തുടരുന്നു.

കോതമംഗലം :- കോതമംഗലത്തെ ജനങ്ങൾക്ക് സിനിമകൾ എന്നുമൊരു ഒരാവേശമാണ്. ചുറ്റുമുള്ള മറ്റു പട്ടണങ്ങങ്ങളായ മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കാൾ ജനതിരക്കാണ് ചില നല്ല സിനിമകൾ ഇറങ്ങുന്ന ദിവസം കോതമംഗലം പട്ടണത്തിൽ..
കഴിഞ്ഞ മാർച്ച്‌ പകുതിയോടെ കൊറോണ കാരണം കേരളത്തിലെ എല്ലാ തിയേറ്ററുകളും അടക്കാൻ തീരുമാനിച്ചതോടെ കോതമംഗലത്തെ ആൻ കോംപ്ലക്സിലെ മൂന്നു തിയേറ്ററും, പിന്നെ ജി സിനിമയും അടച്ചു പൂട്ടി. ഒൻപതു മാസക്കാലമായി പാർക്കിങ് സ്ഥലത്തെ വാഹനങ്ങളുടെ ബഹളങ്ങളില്ലാതെ, ജനങ്ങളുടെ ആരവങ്ങളില്ലാതെ, കാഴ്ച്ചക്കാർ കഴിച്ചു ബാക്കിയായ പോപ്‌കോൺ, ചായ, ഐസ്ക്രീം എന്നിവയുടെ പേപ്പർകപ്പും, കാലി പാക്കറ്റുകളും കാണാതെ മൂകനായി, ഏകനായി കോതമംഗലത്തെ സിനിമ കൊട്ടകകൾ നിൽക്കുന്നു. കപ്പേള, ഫോറെൻസിക്, എന്നീ സിനിമകൾ തീയറ്ററിലേക്ക് വന്നിട്ടേ ഉണ്ടായിരുന്നുള്ളു, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയുമെല്ലാം തീയറ്ററിൽ നിറഞ്ഞോടുന്ന സമയം, വിഷുക്കാലത്തു കുറെ നല്ല സിനിമകൾ പുറത്തിറങ്ങുമ്പോൾ ആദ്യ ദിവസം തന്നെ അല്ലെങ്കിൽ ആദ്യ ആഴ്ച തന്നെ കാണണമെന്നു തീരുമാനിച്ചു ആരാധകർ ഇരിക്കുന്ന നേരം, കോവിഡ്….എല്ലാം മാറ്റിമറിച്ചു,. വിനോധോപാധിയായ ചലച്ചിത്രം പ്രദർശനം നിർത്തി.

പുകവലിക്കരുത്,ശ്വാസകോശം സ്പോഞ്ചു പോലെയാണെന്നു പറഞ്ഞു വരുന്ന പരസ്യം കാണാതെ, നന്നായി ബാറ്റു ചെയ്യുമ്പോൾ റൺ ഔട്ട് ആയാൽ കഷ്ടമല്ലേ എന്ന് പറയുന്ന രാഹുൽ ദ്രാവിഡിനെ കാണാതെ , പുകയിലയെല്ലാം മാറ്റി മറിച്ചുവെന്ന് പറഞ്ഞു വരുന്ന തീയറ്ററിലെ മറ്റു പരസ്യങ്ങൾ എല്ലാം കണ്ടിട്ട് നീണ്ട ഒൻപതു മാസം കഴിഞ്ഞു… എന്തൊരു കഷ്ടമാണ്. പുതിയ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിങ് സംവിധാനം വരുന്നതിനു മുൻപ്, സൂപ്പർ സ്റ്റാർ സിനിമകൾ ഇറങ്ങുന്ന ദിനം, രാവിലെ മുതൽ തുടങ്ങും തിയേറ്ററിൽ ആഘോഷങ്ങൾ… തീയറ്ററിന്റെ ഗേറ്റിനു മുന്നിൽ ടിക്കറ്റെടുക്കാനായി ചെറുപ്പക്കാർ, മുതിർന്നവർ, സ്ത്രീകൾ തുടങ്ങിയെല്ലാവരുടെയും വലിയ നിര തന്നെ കാണാം.

ഒരു പാട് നല്ല ചലച്ചിത്രങ്ങൾ ഉണ്ടായിരുന്ന തൊണ്ണൂറുകളിൽ തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡുകൾ പതിവായിരുന്നു,പിന്നീട് കേരളത്തിൽ പുതിയ പ്രൈവറ്റ് ടെലിവിഷൻ ചാനലുകൾ കുന്നുകൂടിയ സമയത്തും , അതിലെ പലതരം പരമ്പരകൾ ജനമനസ്സുകൾ കീഴടക്കി തുടങ്ങിയപ്പോഴും , പിന്നെ ഷക്കീല ചേച്ചിയും കൂട്ടുകാരും നടിച്ച സിനിമകൾ കൊട്ടകകളിൽ നിറഞ്ഞിരുന്ന രണ്ടായിരം കാലഘട്ടങ്ങളിലും കുടുംബങ്ങൾ പ്രത്യേകിച്ചു സ്ത്രീ ജനങ്ങൾ തീയറ്ററുകളുമായി ഒരകലം പാലിച്ചെങ്കിലും , കാലം പെട്ടന്ന് മാറി,എല്ലാ തിയേറ്ററുകളും പരിഷ്കരിച്ചു,നല്ല സിനിമകൾ ഒരു പാടുണ്ടായി,കാണാൻ കുടുംബങ്ങൾ തീയറ്ററുകളിൽ കൂട്ടമായെത്തി. നൂറു ദിവസം, കോതമംഗലത്തെ തിയേറ്ററുകൾ നിറഞ്ഞോടിയ പല സിനിമകളുമുണ്ടായി.

ODIVA

തൊണ്ണൂറുകളിൽ കോതമംഗലത്തു മൂന്നു തീയറ്ററുകളാണ് ഉണ്ടായിരുന്നത്. മുവാറ്റുപുഴ റോഡിലെ ജവഹർ, ഹൈറേഞ്ച് ജംഗ്ഷനിലെ മാതാ, റോസ് എന്നിവ. അതിൽ റോസ് തിയേറ്റർ അടച്ചു പൂട്ടിയിട്ട് വർഷങ്ങളേറെയായി. മുകളിൽ നിന്ന് താഴേക്ക് എല്ലാവർക്കും സിനിമ കാണുവാൻ പാകത്തിന് സീറ്റുകൾ നിരത്തിയിട്ടിരുന്ന ഒരു നല്ല തിയേറ്റർ ആയിരുന്നു റോസ്, പക്ഷെ ഇപ്പോൾ പകുതി പൊളിച്ചു മാറ്റി പഴയ ഓർമകളും പേറി,റോസ് തിയേറ്റർ ഹൈറെഞ്ച് കവലയിൽ അങ്ങനെ നിൽപ്പുണ്ട്.

മറ്റു തീയറ്ററുകളായ ജവഹർ പൊളിച്ചു മാറ്റി തൊട്ടടുത്തു ആൻ, ജവഹർ, ഇ വി എം എന്നിങ്ങനെ മൂന്നു വലിയ തിയേറ്റർ കോംപ്ലക്സുകൾ ഉയർന്നു വന്നു. മാതാ തിയേറ്റർ ആകട്ടെ പുതുക്കി പണിതു കാർണിവൽ സിനിമയായി പിന്നീട് വീണ്ടും മാറ്റങ്ങൾ വരുത്തി ജി സിനിമയായി, അങ്ങനെ കോതമംഗലത്തിനു സ്വന്തമായ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള നാലു തീയറ്ററുകൾ.

എല്ലാവർഷവും ഒക്ടോബർ മാസം രണ്ടാം തിയതി, കോതമംഗലം പള്ളി പെരുന്നാൾ ദിവസം സാധാരണ കാണാറുള്ള നാലു പ്രദർശനങ്ങൾക്കു പുറമെ പകലും രാത്രി മുഴുവനും നീളുന്ന സ്പെഷ്യൽ പ്രദർശനങ്ങളുമായി, ദൂരെ സ്ഥലങ്ങളിൽ നിന്നുപോലുമുള്ള കാണികളെകൊണ്ടു കോതമംഗലത്തെ ചലച്ചിത്ര കൊട്ടകകൾ നിറയുമായിരുന്നു.ഈ വർഷം അതോർമ്മ മാത്രമായി.

അടുത്ത സംസ്ഥാനങ്ങളിൽ തീയറ്ററുകൾ തുറന്നു തുടങ്ങിയിട്ടുണ്ട്, കേരളത്തിലും വൈകാതെ തുറന്നേക്കാം,പക്ഷെ കോവിഡ് വാക്സിൻ പുറത്തു വരാതെ, ഇനി ഫാമിലിയായി സിനിമക്ക് ആളുകൾ വരുമെന്ന് പ്രതീക്ഷ വേണ്ട. എന്നിരുന്നാലും കുറെ പേരുടെ ഉപജീവനമാർഗമായിരുന്ന, നല്ലൊരു വ്യവസായമായിരുന്ന തീയറ്ററുകൾ വീണ്ടും തുറക്കുമെന്ന് നമുക്ക് കരുതാം. കോതമംഗലം പട്ടണത്തിലും,നാട്ടിൻ പുറത്തും പുതിയ സിനിമ പോസ്റ്ററുകളും തീയറ്ററുകളിൽ ഫാൻസ്‌ അസോസിയേഷന്റെ പലവിധ ബാനറുകളും, നടന്മാരുടെ വലിയ ഫ്ലെക്സുകളിൽ പൂമാല ചാർത്തലും, പാലഭിഷേകവും വീണ്ടും പ്രതീക്ഷിക്കാം. കോതമംഗലത്തെയും, കേരളത്തിലെ മറ്റിടങ്ങളിലെയും തീയറ്ററുകൾ ജനങ്ങളാൽ നിറയുന്ന ഒരു കാലം ഉടനെ കാണുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...