2018 മുതൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി നൽകിവന്നിരുന്നത്. 2024-ൽ ദുരന്ത പ്രതികരണ നിധിയിൽനിന്ന് 4 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചപ്പോഴും, നിലവിലുണ്ടായിരുന്ന 10 ലക്ഷം രൂപയിൽനിന്ന് 4 ലക്ഷം കുറച്ച് വനംവകുപ്പിന്റെ വിഹിതം 6 ലക്ഷമാക്കി. ദുരന്ത പ്രതികരണ നിധിയിലെ 4 ലക്ഷം കൂടി ചേർത്തതോടെ ആകെ തുക 10 ലക്ഷം രൂപയായി തന്നെ തുടർന്നു. അതായത്, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് യഥാർഥത്തിൽ അധിക ആനുകൂല്യം ലഭിച്ചില്ല.
ഈ പ്രശ്നം ഗൗരവമായി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് FARM ഫയൽ ചെയ്ത Sandeep Vs. State of Kerala (W.P.(C) No. 46215/2024) എന്ന കേസിലൂടെയാണ്. കാട്ടാന ആക്രമണത്തിൽ അച്ഛൻ നഷ്ടപ്പെട്ട ആദിവാസി ബാലനുവേണ്ടി ഹൈ കോടതിയിൽ സമർപ്പിക്കപ്പെട്ട ഈ കേസിന്റെ തുടർ നടപടികളിലൂടെ വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ അപര്യാപ്തതയും വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ പ്രകാരം ലഭിക്കേണ്ട തുകകളുടെ കണക്കുകൂട്ടലിലെ പ്രശ്നങ്ങളും ഈ കേസിലൂടെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
ഈ കേസിൽ സമർപ്പിക്കപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ടും പ്രധാനപ്പെട്ട രേഖയാണ്. നഷ്ടപരിഹാരം നൽകുന്നതിലെ അവ്യക്തതകളും വിവിധ പദ്ധതികൾ പ്രകാരം അർഹമായ തുകകൾ ലഭ്യമാക്കുന്നതിലെ പ്രശ്നങ്ങളും റിപ്പോർട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
തുടർന്നുള്ള നടപടികളിലൂടെ നഷ്ടപരിഹാരം 14 ലക്ഷം രൂപയായി. ഇപ്പോൾ 2026 ഒക്ടോബർ 25-ലെ കേരള സർക്കാർ ഉത്തരവ് പ്രകാരം 25% വർധനയോടെ 17.5 ലക്ഷം രൂപയായി ഉയർത്തിയിരിക്കുന്നു.യുഡിഎഫിന്റെ പ്രകടനപത്രികയിൽ നഷ്ടപരിഹാരം 50% വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തി ആറുമാസത്തിനുള്ളിൽ 25% വർധന നടപ്പാക്കിയതും ഈ വിഷയത്തിലെ ഒരു പ്രധാന നടപടിയാണ്.എന്നാൽ 17.5 ലക്ഷം രൂപ പോലും ശാശ്വതമായ പരിഹാരമല്ല; അത് ഒരു സാമ്പത്തിക ആശ്വാസം മാത്രമാണ്.
മനുഷ്യജീവൻ നഷ്ടപ്പെടുന്നവരുടെ ആവശ്യം നഷ്ടപരിഹാരത്തുക വർധിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല.മോട്ടോർ വാഹനാപകടങ്ങളിൽ MACT (Motor Accidents Claims Tribunal) വഴി നഷ്ടപരിഹാരം നിർണയിക്കുന്നതുപോലെ, വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും യഥാർഥ നഷ്ടം വിലയിരുത്തി അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പ്രായോഗികമായ നിയമസംവിധാനം വേണം.
മരിച്ച വ്യക്തിയുടെ വരുമാനം, പ്രായം, ആശ്രിതരുടെ എണ്ണം, കുടുംബത്തിനുണ്ടാകുന്ന ഭാവിയിലെ സാമ്പത്തിക നഷ്ടം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നിർണയിക്കണം. ഒരു നിശ്ചിത തുക എല്ലാവർക്കും നൽകുന്ന രീതിക്കപ്പുറം, ഓരോ കേസും പ്രത്യേകം പരിഗണിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്ന സംവിധാനം ഉണ്ടാകണം.
* Sandeep Vs. State of Kerala* കേസും അതിൽ സമർപ്പിക്കപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ടും ഈ ആവശ്യത്തിന് നിയമപരമായ പ്രാധാന്യം നൽകുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ, റിപ്പോർട്ടിലെ നിർദേശങ്ങൾ കൂടി പരിഗണിച്ച് MACT മാതൃകയിലുള്ള ട്രൈബ്യൂണൽ സംവിധാനം നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
വന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യജീവനും മനുഷ്യരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. വനാതിർത്തികളിലും മലയോര മേഖലകളിലും ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷയും സാമ്പത്തിക ഭാവിയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
₹17.5 ലക്ഷം ആശ്വാസമാണ്. എന്നാൽ യഥാർഥ നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്ന ശാശ്വതമായ നിയമസംവിധാനമാണ് ആവശ്യം.



















































