കോതമംഗലം : എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽഭാഗ്യ ശാലിയായി കോതമംഗലംകാരി അഖില. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ഭാഗ്യശാലിയായി കോതമംഗലം പൂയംകുട്ടി സ്വദേശിനി മാങ്കൂട്ടത്തിൽ വീട്ടിൽ അഖില ഉത്തമൻ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ലക്കി ഡ്രോയിലാണ് അഖിലയെ തേടി ഭാഗ്യമെത്തിയത്. സപ്ലൈകോ നൽകുന്ന ആയിരം രൂപയുടെ ഉത്പന്നങ്ങളാണ് സമ്മാനമായി ലഭിക്കുന്നത്.
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവിലിയനിലാണ് ലക്കി ഡ്രോ സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചോദ്യത്തിന് ടച്ച് സ്ക്രീനിൽ ശരിയുത്തരം രേഖപ്പെടുത്തുന്ന ഭാഗ്യശാലിക്കാണ് സമ്മാനം ലഭിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് നടന്ന നറുക്കെടുപ്പിന് സപ്ലൈകോ മാർക്കറ്റിംഗ് മാനേജർ ഷെൽജി ജോർജ്, കൊച്ചി ഡിപ്പോ അസി. മാനേജർ മറീന ജോൺ, എറണാകുളം ജില്ലാ അസി. ഇൻഫർമേഷൻ ഓഫീസർ എം.എൻ സുനിൽകുമാർ, സീനിയർ ക്ലർക്ക് മജു മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. എറണാകുളം ഗവ. നഴ്സിംഗ് സ്കൂളിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അഖില.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				