കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ അടച്ച് റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ത്തി.ഒരാഴ്ചയോളമായി ഡാമിൻ്റെ ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിക്കാനാരംഭിച്ചിട്ട്.
പെരിയാര്‍വാലി കനാലുകളില്‍ ജലവിതരണം ഡിസംബര്‍ ആദ്യം ആരംഭിക്കാനാകുന്നവിധം മുന്നൊരുക്കം നേരത്തെ ആരംഭിച്ചിരുന്നു. അറ്റകുറ്റപണികളും ശുചീകരണപ്രവര്‍ത്തനവും നടത്താന്‍ നടപടിയെടുത്തു. മെയിന്‍ കനാലിന്റേയും ലോ ലവല്‍-ഹൈ ലവല്‍ കനാലുകളുടേയും അറ്റകുറ്റപണികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു.
ശുചീകരണപ്രവര്‍ത്തനവും അവസാനഘട്ടത്തിലാണ്. ഡിസംബര്‍ മൂന്നിന് മെയിന്‍ കനാലും ഹൈ ലവല്‍-ലോ ലവല്‍ കനാലുകളും തുറന്ന് ട്രയല്‍ റണ്‍ നടത്താനാണ് പെരിയാര്‍വാലി ഉദ്യോഗസ്ഥരുടെ തീരുമാനം. ബ്രാഞ്ച് കനാലുകള്‍ പിന്നീട് തുറക്കും. ഇതിനകം ചെങ്കരയിലെ കനാല്‍ റഗുലേറ്റര്‍വരെ വെള്ളം നിറച്ചു. റഗുലേറ്റര്‍ ഷട്ടറുകള്‍ തുറക്കുന്നതോടെ കനാലുകളില്‍ വെള്ളമെത്തും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിസംബര്‍ അവസാനമോ,ജനുവരി പകുതിക്ക് മുമ്പായോ ആണ് കനാലുകള്‍ തുറന്നിരുന്നത്.
ഇത്തവണ മഴയിലുണ്ടായിട്ടുള്ള കുറവ് മൂലം വരള്‍ച്ചയും ജലക്ഷാമവും ഉണ്ടാകാമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കനാല്‍ നേരത്തെ തുറക്കാന്‍ നടപടി സ്വീകരിച്ചത്.ജില്ലയുടെ നിരവധി പ്രദേശങ്ങളില്‍ കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കുമുള്ള വെള്ളം എത്തിക്കുന്നത് പെരിയാര്‍വാലി കനാലുകളാണ്. ഡാമിന്റെ ഷട്ടര്‍ അടച്ചതുവഴി ഡിസംബര്‍ അഞ്ച് മുതല്‍ ഭൂതത്താന്‍കെട്ട് കേന്ദ്രീകരിച്ച് നടത്തുന്ന ടൂറിസം ഫെസ്റ്റിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ബോട്ടിംഗ് ഉള്‍പ്പടെ ഇത്തവണ നേരത്തെ ആരംഭിക്കാനാകും. കഴിഞ്ഞവര്‍ഷങ്ങളില്‍ സീസണ് പകുതി കഴിഞ്ഞ് ബോട്ടിംഗ് ആരംഭിച്ചത് വലിയ തിരിച്ചടിയായിരുന്നു. മെയ് അവസാനമോ, ജൂൺ ആദ്യമോ കാലാവസ്ഥക്ക് അനുസൃതമായി ഡാം തുറക്കുകയും ചെയ്യും.























































