കോതമംഗലം: കോട്ടയം എംജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന 2026-27 അധ്യയന വര്‍ഷത്തെ എംജി സര്‍വകലാശാല പുരുഷ വിഭാഗം ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. ടൂര്‍ണമെന്റിലുടനീളം മികച്ച പന്തടക്കത്തോടെ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് എംഎ കോളേജ് കിരീടം സ്വന്തമാക്കിയത്. മുന്‍ ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിര്‍മ്മല കോളേജിനെ 3-1 നും, ആലുവ യുസി കോളേജിനെ 4-1 നും പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ കോട്ടയം ബസേലിയസ് കോളേജുമായി സമനില പാലിച്ചു. നേരത്തെ സോണ്‍ തല മത്സരങ്ങളിലും ആലുവ യുസി കോളേജിനെയും മൂവാറ്റുപുഴ നിര്‍മ്മല കോളേജിനെയും എംഎ കോളേജ് പരാജയപ്പെടുത്തിയിരുന്നു.
വിജയികള്‍ക്ക് എംജി സര്‍വകലാശാല ഭാരവാഹികള്‍ ട്രോഫികള്‍ സമ്മാനിച്ചു. ഈ നേട്ടത്തിന് പിന്നാലെ എംഎ കോളേജ് ടീമിലെ 13 താരങ്ങള്‍ എംജി സര്‍വകലാശാല ഫുട്ബോള്‍ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കിരീടം നേടിയ ടീമിനെയും പരിശീലകരെയും മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.എബി പി. വര്‍ഗീസ്, കായിക വിഭാഗം മേധാവി ഹാരി ബെന്നി എന്നിവര്‍ അഭിനന്ദിച്ചു.























































