കോതമംഗലം: ഇടമലയാർ സർക്കാർ യു.പി. സ്കൂളിലെ കുട്ടികൾക്കായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി മഞ്ചാടി ശ്രദ്ധേയമായി.
പെരുമ്പാവൂർ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി സ്മിത ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു. റോഡ് സുരക്ഷാ പഠനത്തോടൊപ്പം കുട്ടികളുടെ കലാപരിപാടികളും നടത്തി.
പൊങ്ങൻചോട്, താളുംകണ്ടം ഉന്നതികളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ, റോഡുപയോഗിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട സുരക്ഷാ പാഠങ്ങൾക്കാണ് ക്ലാസിൽ പ്രാധാന്യം നൽകിയത്. റോഡിലൂടെ സുരക്ഷിതമായി നടക്കേണ്ട വിധം, റോഡ് മുറിച്ചുകടക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, സൈക്കിൾ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രായോഗിക ഉദാഹരണങ്ങളിലൂടെ പരിചയപ്പെടുത്തി.
കുട്ടികളെ ഭൂതത്താൻകെട്ടിലെത്തിച്ച് റോഡിലെ സീബ്രാ ക്രോസിംഗ് ഉപയോഗിച്ച് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. നിയമങ്ങൾ പാലിച്ച് യാത്ര ചെയ്ത ഡ്രൈവർമാർക്ക് കുട്ടികൾ മധുരം നൽകി അഭിനന്ദിച്ചു.
കോതമംഗലം ജോയിന്റ് ആർ.ടി.ഒ റെജി വർഗീസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ ദീപു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ കെ. ശശിധരൻ, സ്കൂൾ ഹെഡ്മാസ്റ്റർ ജോബി ജോൺ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.






















































