കോടനാട്: കോടനാട് അഭയാരണ്യത്തില്‍ ഡോക്ടര്‍മാര്‍ ദയാവധത്തിന് നിര്‍ദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവന്‍ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ വിമാനമാര്‍ഗം കൊച്ചിയില്‍ നിന്നും ഗുജറാത്തിലെ വന്താരയിലേയ്ക്ക് കൊണ്ടുപോകും. ഒരു ദിവസം പ്രായമായപ്പോഴാണ് ആനക്കുട്ടിയെ കോടനാട് അഭയാരണ്യത്തില്‍ കിട്ടുന്നത്. കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിലായിരുന്നു ആനക്കുട്ടി. തുടര്‍ന്ന് അഭയാരണ്യത്തിലെ പാപ്പാന്മാരും ഡോക്ടര്‍മാരുമാണ് ആനക്കുട്ടിയെ പരിപാലിച്ചുവന്നിരുന്നത്.
ആരോഗ്യം വീണ്ടെടുത്ത ആനക്കുട്ടി ഓടി കളിക്കുന്നതിനിടെ വീണു. ഇതേതുടര്‍ന്നാണ് അസ്ഥിക്ക് സാരമായി പരിക്കേറ്റത്. ജനിച്ചപ്പോള്‍ തന്നെ ആനക്കുട്ടി മറ്റ് ചില രോഗങ്ങളാലും ബുദ്ധിമുട്ടിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എഴുന്നേറ്റു നില്ക്കാന് കഴിയാതെ കിടന്നുപോയ ആനക്കുട്ടിയെ പരിചരിച്ചു വരികയും കേന്ദ്ര വനംവകുപ്പ് സഹമന്ത്രി കോടനാട് എത്തി ആനയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശേഷം ആനയ്ക്ക് എഴുന്നേറ്റു നില്ക്കാന് കഴിയില്ലെന്നും ദയാവധമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
എന്നാല്‍ കഴിഞ്ഞ ദിവസം വന്താരയിലെ ഡോക്ടര്‍ വന്നു പരിശോധിക്കുകയും അവസാന ശ്രമമെന്ന നിലയില്‍ ആനക്കുട്ടിയെ വന്താര ഏറ്റെടുക്കാമെന്നും അറിയിച്ചു. ഇതോടെ ദയാവധം കാത്തുകിടന്ന ആനക്കുട്ടിക്ക് പുതുജീവന്റെ പ്രതീക്ഷയുണര്‍ന്നു. വന്താരയിലെത്തിയാല് ആനക്കുട്ടി പൂര്‍ണ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. അഭയാരണ്യ കേന്ദ്രത്തില്‍ ആനക്കുട്ടിയെ പരിപാലിച്ചിരുന്നവരും വെറ്റിനറി സംഘവും വന്താരയിലേയ്ക്ക് പോകും. 6 മാസക്കാലത്തെ ചികിത്സയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജീന്‍ തെറാപ്പി അടക്കമുള്ള ചികിത്സയിലൂടെ ആനക്കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞേക്കുമെന്നാണ് വിവരം.

















































