കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2 തീയതികളിൽ നടത്തും. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് വികാരി ഫാ. ബേസിൽ ജോസഫ് ഇട്ടിയാണിയ്ക്കൽ കൊടികയറ്റി.
ശനിയാഴ്ച രാവിലെ 7.30 ന് താഴെ പള്ളിയിൽ വിശുദ്ധ കുർബാന.ഒന്നിന് വൈകിട്ട് 6.30 ന് വിശുദ്ധ മദ്ബഹായുടെ കൂദാശയും സന്ധ്യാ നമസ്കാരവും പ്രസംഗവും തുടർന്ന് പള്ളിയുടെ കിഴക്ക് ഭാഗത്തുള്ള മാർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള ചാപ്പലിലേക്ക് പ്രദക്ഷിണം.
തുടർന്ന് നേർച്ച സദ്യയും ആകാശവിസ്മയവും.കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് പെരുന്നാൾ സന്ധ്യയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് അനുഗ്രഹിക്കും. നവംബർ 2 ന് രാവിലെ 7.30 ന് പ്രഭാത നമസ്കാരം, 8 .30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന പെരുമ്പാവൂർ മേഖല മെത്രാപ്പോലിത്ത മാത്യൂസ് മാർ അപ്രേമിൻ്റെ മുഖ്യകാർമ്മികത്വത്തിലും ഫാ.മാത്യൂസ് പുൽപ്പറമ്പിൽ, ഫാ.ജോസ് തച്ചേത്ത് കുടി എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കും. തുടർന്ന് പ്രസംഗം. വിവിധ മേഖലകളിലുള്ളവർക്ക് പുരസ്കാര സമർപ്പണം, പഴയ പള്ളി വഴി മാർ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കടവ് ചാപ്പലിലേക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ. തുടർന്ന് ഉത്പന്ന ലേലം. ശേഷം പള്ളി ഉപകരണങ്ങൾ ആഘോഷമായി തിരികെ മേമ്പൂട്ടിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് കൊടിയിറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. ബേസിൽ ജോസഫ് ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമായ ബേബി അമ്പഴച്ചാലിൽ, ഏലിയാസ് മഞ്ഞയിൽ, സെക്രട്ടറി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.

















































