കോതമംഗലം:റബ്ബര്‍ വെട്ടിമാറ്റി തെങ്ങും കമുകും… കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കോതമംഗലം സ്വദേശിയായ റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ പൗലോസ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ വിശ്രമജീവിതത്തിലേക്ക് മാറുന്നവരാണ് അധികവും. എന്നാല്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം കൃഷിക്കായി മാറ്റിവെച്ച് കാര്‍ഷിക മേഖലയില്‍ നേട്ടം കൊയ്തിരിക്കുകയാണ് കോതമംഗലം പോത്താനിക്കാട് സ്വദേശി പി.കെ. പൗലോസ്. റബ്ബര്‍ കൃഷി ഉപേക്ഷിച്ച് തെങ്ങും കമുകും ഉള്‍പ്പെടെയുള്ള വിവിധയിനം കൃഷികള്‍ക്ക് രണ്ടേകാല്‍ ഏക്കര്‍ ഭൂമിയില്‍ ഇടമൊരുക്കിയ ഈ 74-കാരന്‍, കൃഷി ലാഭകരമാക്കുന്നതെങ്ങനെയെന്ന് സ്വന്തം അനുഭവത്തിലൂടെ കാട്ടിത്തരികയാണ്.
ഡെപ്യൂട്ടി തഹസില്‍ദാറായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത് രണ്ട് പതിറ്റാണ്ട് മുമ്പ്. അതിനുശേഷം വിശ്രമജീവിതത്തിനപ്പുറം കൃഷിയുടെ വഴിയാണ് പോത്താനിക്കാട് പുതിയാമഠത്തില്‍ പി.കെ. പൗലോസ് തെരഞ്ഞെടുത്തത്. തന്റെ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്ത് വിവിധയിനം കൃഷികള്‍ പരീക്ഷിച്ചുതുടങ്ങിയ പൗലോസ്, ആറ് വര്‍ഷം മുമ്പാണ് റബ്ബര്‍ കൃഷി പൂര്‍ണമായും ഉപേക്ഷിച്ച് തെങ്ങ് കൃഷിയിലേക്ക് തിരിഞ്ഞത്.
ഇന്ന് ഈ കൃഷിയിടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് ഇരുനൂറോളം സങ്കരയിനം തെങ്ങുകളും, ഇടവിളയായി ആയിരത്തിയഞ്ഞൂറോളം കമുകുകളുമാണ്. ഒപ്പം വിവിധയിനം ഫലവൃക്ഷങ്ങളും. ഒരേ ഭൂമിയില്‍ ഒന്നിലധികം വിളകള്‍ വളര്‍ത്തി സ്ഥലത്തിന്റെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പൗലോസിന്റെ കൃഷിരീതി. തങ്ങയേക്കാള്‍ കരിക്കിന് വിപണിയില്‍ ലഭിക്കുന്ന മികച്ച സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് തെങ്ങ് കൃഷിയില്‍ പൗലോസ് വേറിട്ട വഴി സ്വീകരിച്ചത്. വിളവെത്തുന്ന തേങ്ങകള്‍ കരിക്കായിത്തന്നെ വിപണിയിലെത്തിക്കുകയാണ്. ഇതിലൂടെ കൂടുതല്‍ ലാഭം നേടാനാകുമെന്നാണ് പൗലോസിന്റെ അനുഭവസാക്ഷ്യം.
കമുക് കൃഷിയിലും ഈ കര്‍ഷകന് പറയാനുള്ളത് വേറിട്ട അനുഭവമാണ്. കര്‍ണാടകയിലെ കേന്ദ്രസര്‍ക്കാര്‍ ഫാമില്‍നിന്ന് അടയ്ക്ക ശേഖരിച്ച് പാകി മുളപ്പിച്ചാണ് കമുകിന്‍ തൈകള്‍ തയ്യാറാക്കിയത്. ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറെടുക്കുന്ന കമുകുകളില്‍ വിവിധ വര്‍ണങ്ങളില്‍ അടയ്ക്കകള്‍ നിറഞ്ഞുനില്‍ക്കുന്നത് കൃഷിയിടത്തിന് മനോഹാരിത പകരുന്നു. കൃഷിയിലെ വൈവിധ്യത്തിനൊപ്പം കൃത്യമായ ആസൂത്രണവും പരിചരണവും കൂടിയാകുമ്പോള്‍ ഒരു കൃഷിത്തോട്ടത്തെ എങ്ങനെ വരുമാനമാര്‍ഗമാക്കി മാറ്റാമെന്നതിന്റെ ഉദാഹരണം കൂടിയാവുകയാണ് ഇവിടം. വളുപ്പിനെത്തന്നെ കൃഷിയിടത്തിലെത്തുന്നതാണ് പൗലോസിന്റെ പതിവ്. വിത്തിടല്‍ മുതല്‍ വിളവെടുപ്പുവരെ ഓരോ ഘട്ടത്തിലും നേരിട്ടുള്ള മേല്‍നോട്ടം വഹിക്കും. ൃത്യമായ പരിചരണവും ശാസ്ത്രീയമായ കൃഷിരീതികളും സ്വീകരിച്ചാല്‍ കൃഷി ലാഭകരമായ സംരംഭമാക്കാമെന്നതിന് പൗലോസിന്റെ കൃഷിത്തോട്ടം മികച്ച മാതൃകയാണെന്ന് കൃഷി ഓഫീസര്‍ ബോസ് മത്തായി പറയുന്നു.
കൃഷിയില്‍ കൃത്യമായ പരിചരണം ഉറപ്പാക്കി സമയബന്ധിതമായി വളപ്രയോഗവും, രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ കൃഷിയെ ലാഭകരമാക്കാന്‍ കഴിയുമെന്നാണ് പൗലോസിന്റെ പക്ഷം. ഴ് പതിറ്റാണ്ട് പിന്നിട്ട പ്രായത്തിലും ഓരോ പുലരിയിലും കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന പി.കെ. പൗലോസ്, അധ്വാനവും കൃത്യമായ പരിചരണവും ഒത്തുചേര്‍ന്നാല്‍ കൃഷിയിലും വിജയമുറപ്പിക്കാമെന്ന് തെളിയിക്കുകയാണ്.



















































