കോതമംഗലം: കാട് കാക്കാന്‍ ഉന്നതികളില്‍നിന്നുള്ള തദ്ദേശവാസികളെ സിവില്‍ ഡിഫന്‍സ് അംഗങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കി കോതമംഗലം അഗ്നി രക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര, കൂടാതെ കല്ലേലിയുടെ കുടിയേറ്റമേഖല തുടങ്ങി ഒമ്പത് ഉന്നതികളിലെ തദ്ദേശവാസികളെയാണ് സേനയുടെ ഭാഗമാക്കിയത്.
2025 ഓഗസ്റ്റിലാണ് ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ 94 പേര്‍ക്ക് പരിശീലനം നല്‍കിയത്. ഇന്ത്യയിലെ ആദ്യ ട്രൈബല്‍ സിവില്‍ ഡിഫന്‍സ് വളന്റിയേഴ്സ് എന്ന പദവിയും ലഭിച്ചു. ജനുവരിയില്‍ രണ്ടാംഘട്ട പരിശീലനവും പൂര്‍ത്തിയാക്കി. ആദിവാസി ഉന്നതികളില്‍ പരിക്കേല്‍ക്കുന്നവരെ ചാക്കില്‍ കെട്ടിയും മറ്റുമാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഇതിന് മാറ്റംവരുത്തുന്നതിനായി കോതമംഗലം അഗ്നി രക്ഷാനിലയം അധികൃതര്‍ സ്പയിന് ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. സിവില്‍ ഡിഫന്‍സിന്റെ യൂണിഫോം വിതരണം എസ്ടിഒ മുഹമ്മദ് അജ്മല്‍ ഷാ ഉദ്ഘാടനം ചെയ്തു. സിവില്‍ ഡിഫന്‍സ് കോഓര്‍ഡിനേറ്റര്‍ വി.എം ഷാജി, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്ഡന് വിനോദ് നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































