നേര്യമംഗലം: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ പെരിയാറിന് കുറുകെ നിര്‍മാണം പൂര്‍ത്തിയായ നേര്യമംഗലം പുതിയ പാലം. ഇടുക്കി എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആര്‍ച്ച് പാലമാണ്. 91 വര്‍ഷങ്ങള്‍ പിന്നിട്ട പാലത്തിന് സമാന്തരമായാണ് ഉരുക്കു നിര്‍മിത ആര്‍ച്ച് പാലം നിര്‍മിക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് നടപടി ആരംഭിച്ചത്. നിലവിലുള്ള ആര്‍ച്ച് പാലത്തിന് സമാന്തരമായാണ് പുതിയ പാലത്തിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി വരുന്നത്. ഡീന്‍ കുര്യാക്കോസ് എംപി മുന്‍കൈ എടുത്താണ് പുതിയ പാലത്തിന്റെ നിര്‍മാണത്തിന് നടപടി സ്വീകരിച്ചത്.
പഴയ ആര്‍ച്ച് പാലത്തിന്റെ മാതൃകയിലാണ് 214 മീറ്റര്‍ നീളമുള്ള പുതിയ ബോ സ്ട്രിംഗ് സ്റ്റീല്‍ ആര്‍ച്ച് പാലം (വില്ലു പോലെ സ്റ്റില്‍ റാഡുകള്‍ ഉപയോഗിച്ചുള്ള പാലം) നിര്‍മിക്കുന്നത്. 42 മീറ്റര്‍ നീളത്തില്‍ 5 സ്പാനുകളാണ് പുതിയ പാലത്തിനുള്ളത്. 13 മീറ്ററാണ് പാലത്തിന്റെ വീതി. വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് 8 മീറ്റര്‍ വീതിയും ഇരു വശത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ടാകും.



















































