പെരുമ്പാവൂര്‍: പെരുമ്പാവൂര്‍-കോതമംഗലം റോഡില്‍ സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെപോകുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കുറുപ്പുംപടി എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ഷാലിമാര്‍ ബസില്‍നിന്ന് കണ്ടക്ടര്‍ ബലമായി റോഡിലേക്ക് തള്ളിയിടുകയും ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തുവെന്നും പരാതിയുണ്ട്.
ഓടുന്ന ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ സിദ്ധാര്‍ത്ഥ് ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നടപടി ആവശ്യപ്പെട്ട് എംജിഎം സ്‌കൂള്‍ പ്രധാനധ്യാപിക കുറുപ്പംപടി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പ്രതികളാക്കി കേസെടുത്തെങ്കിലും പിഴ ഈടാക്കി രക്ഷപ്പെടാവുന്ന വകുപ്പാണ് ചേര്‍ത്തത്. ബസ് ഉടമകളുടെ സ്വാധീനത്തില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇത്തരം വിഷയങ്ങളെ ലാഘവത്തോടെ കാണുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



















































