കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ ദുര്‍ഘട പാതയിലൂടെ കരുത്തുറ്റ വാഹനങ്ങള്‍ നടത്തിയ പ്രകടനം കാണികളില്‍ ആവേശം നിറച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓഫ് റോഡ് റൈഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു. വിവിധ ക്ലാസുകളിലായി നടന്ന മത്സരത്തില്‍ വനിതകള്‍ക്കും തങ്ങളുടെ മികവ് തെളിയിക്കാന്‍ അവസരമൊരുക്കിയിരുന്നു.വാശിയേറിയ മത്സരത്തില്‍ വിവിധ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ സമ്മാനത്തുകയും ഒരുക്കിയിരുന്നു.


















































