മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പോലീസ് സ്റ്റേഷന് 100മീറ്റര്‍ അകലെ പോലീസ് ബാരിക്കേട് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് മറികടന്ന സമരക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി എം.പി അക്ഷയ് കുമാറിന് ലാത്തിയടിയേറ്റത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. തുടര്‍ന്ന് നടന്ന ധര്‍ണ്ണ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് അമല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രതു കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മെബിന് ജോസ്, അജ്മില ഷാന്‍, ഋതിഷ ഋതു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് രഘു, സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് മാത്യു ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ആര് പ്രഭാകരന്, കെ.ജി അനില്‍കുമാര്‍, എം.എസ് സഹീര്‍, സജി ജോര്‍ജ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന് പി മൂസ, എസ്എഫ്ഐ ഏരിയ സെക്രട്ടറി അമല്‍ റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































