കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പുതുയുഗ കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കോളേജ് വിദ്യാർത്ഥികളും, യുവജനങ്ങളും, തൊഴിലാളികളും, കർഷകരും, വ്യാപാരി വ്യവസായികളുമടക്കം എല്ലാവരും കൈകോർത്ത് സഹകരിക്കണം. ജനാധിപത്യ മതേതരത്വം നിലനിർത്താൻ യുവാക്കൾ മുൻപന്തിയിൽ ഉണ്ടാകണമെന്നും പറഞ്ഞു.
കോൺഗ്രസ് ഹാളിൽ നടന്ന സമ്മേളനത്തിൽ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ഷെമീർ പനക്കൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ്, കെ പി സി സി മെമ്പർ എ.ജി ജോർജ്, കെ.പി ബാബു, മുനിസിപ്പൽ ചെയർമാൻ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി സാജു, ഡിസിസി ഭാരവാഹികളായ അബു മൊയ്തീൻ, എം എസ് എൽദോസ്, പി സി ജോർജ്ജ്, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുബാസ് ഓടക്കലി, ജയിൻ ജെയ്സൺ, അസ്ലം കബീർ, പ്രിയ സി പി, മുഹമ്മദ് സാലിഹ്, കെ എസ് യു താലൂക്ക് പ്രസിഡന്റ് ബെൻ ജോസ് എന്നിവർ പ്രസംഗിച്ചു.



















































