കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്.
പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കാസർകോട് കുറ്റിക്കോൽ എ.യു.പി സ്കൂളിലെ മുൻ അധ്യാപകനായ സാനു മാഷിന്റെ കൃഷിയിടം എറണാകുളം ജില്ലയിലെ കോട്ടപ്പടി വടാശേരിയിലാണ്.
ദിവസം 40 മുതൽ 50 കിലോ വരെ പച്ചക്കറി ഉൽപാദിപ്പിക്കുന്ന ഈ തോട്ടം ഇന്ന് നിരവധി കുടുംബങ്ങളുടെ പച്ചക്കറി ആവശ്യവും നിറവേറ്റുന്നു. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചപ്പോൾ സാനു മാഷിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പൂർണമായും ജൈവകൃഷിയിൽ സജീവമാകണമെന്നായിരുന്നു തീരുമാനം.
30 സെന്റിൽ തുടങ്ങിയ കൃഷി ഇന്ന് ഒന്നര ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു. കൃഷി നഷ്ടമാണ് എന്ന പൊതുധാരണ തിരുത്തുകയായിരുന്നു ആദ്യ ലക്ഷ്യം. അതിനായി കൃഷിയിടത്തിൽ പരമാവധി യന്ത്രവത്കരണവും കൊണ്ടുവന്നു. മണ്ണിളക്കാനും വാരങ്ങൾ തയ്യാറാക്കാനും പവർ വീഡറും അനുബന്ധ ഉപകരണങ്ങളും. ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ചുള്ള ഈ സംവിധാനത്തിലൂടെ കൃഷിപ്പണിയും തൊഴിലാളികൾക്കുള്ള ചെലവും ഗണ്യമായി കുറയ്ക്കാനായി.
വാരങ്ങൾ തയ്യാറാക്കി മർച്ചിംഗ് ഷീറ്റ് വിരിച്ചാണ് പ്രധാനമായും കൃഷി.
ഒരിക്കൽ ഷീറ്റ് വിരിച്ചാൽ അതിൽ നാല് മുതൽ അഞ്ച് വിളകൾ വരെ കൃഷി ചെയ്യാം.
കളശല്യം കുറയ്ക്കാൻ ഈ രീതി നല്ലതാണ്. ചെടികൾക്ക് ഇടയ്ക്കിടെ മണ്ണിട്ട് കൊടുക്കേണ്ട ജോലിയും ഒഴിവാക്കാം.400 മീറ്റർ വരമ്പിൽ വിരിക്കാനുള്ള മർച്ചിംഗ് ഷീറ്റിന് ചെലവ് 1700 മുതൽ 2000 രൂപ വരെ.മണ്ണ് ഉറയ്ക്കാതെ കിടക്കുന്നതിനാൽ വേരോട്ടം സുഗമമാകുന്നതിനൊപ്പം
നൽകുന്ന വെള്ളവും വളവും ചെടികൾക്ക് ഫലപ്രദമായി ലഭിക്കുകയും ചെയ്യും.തുള്ളിനനയാണ് ജലസേചനത്തിന് ആശ്രയം.വെഞ്ച്വറി സംവിധാനത്തിലൂടെ ജൈവവളങ്ങളും സൂക്ഷ്മാണു വളങ്ങളും നേരിട്ട് തുള്ളിനനയിലൂടെ ചെടികളിലെത്തിക്കുന്നു.ചാണകം, കോഴിക്കാഷ്ടം, എല്ലുപൊടി, സൂക്ഷ്മാണു വളങ്ങൾ, മൈക്രോ ന്യൂട്രിയൻറ്സ് തുടങ്ങിയ
ജൈവ വളക്കൂട്ടിലാണ് കൃഷിയുടെ കരുത്ത്.
കീടനിയന്ത്രണത്തിനും രാസകീടനാശിനികളെ ആശ്രയിക്കുന്നില്ല.ഫെറമോൺ കെണികളും മഞ്ഞക്കെണികളും ഉപയോഗിക്കുന്നതിനൊപ്പം വേപ്പ് അധിഷ്ഠിത ജൈവ കീടനാശിനികളും പ്രയോഗിക്കുന്നു.പക്ഷേ ഇനങ്ങളുടെ കാര്യത്തിൽ വൈവിധ്യത്തിന് ഒരു കുറവുമില്ല.
കേരളത്തിൽ അപൂർവ്വമായി കാണുന്ന ഗൻ്റോല മുതൽ ബംഗാളികളുടെ പ്രിയപ്പെട്ട പർവ്വൽ വരെ ഇവിടെ വിളയുന്നു. പഴയകാലത്ത് ഉരുളക്കിഴങ്ങിന് പകരം ഉപയോഗിച്ചിരുന്ന അടതാപ്പ്,
മംഗലാപുരം ഊരുവെണ്ട, മാട്ടു ഗുള വഴുതിന, ഭൗമസൂചികാ പദവി നേടിയ എടയൂർ ചില്ലി,
വയലറ്റ് ചതുരപ്പയർ, ലോംഗ് ചതുരപ്പയർ, നീളൻ നിത്യവഴുതന, വിവിധതരം അമരകളും പയറുകളും മുളകുകളും എല്ലാം ഇവിടെ സുലഭമായി വിളയുന്നുണ്ട്.
ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാണ് ഗൻ്റോല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന ഈ പച്ചക്കറി കേരളത്തിൽ അപൂർവ്വമാണ്. ഇവിടെ പ്രതിദിനം അഞ്ച് മുതൽ ഏഴ് കിലോ വരെ ഗൻ്റോല വിളവെടുക്കുന്നു. പാവൽ, പടവലം, പീച്ചിൽ, മത്തൻ, കുമ്പളം, ചേമ്പും ചേനയും ഉൾപ്പെടെ നീളുന്ന വൈവിധ്യമാർന്ന, ഒറ്റനോട്ടത്തിൽ തന്നെ ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന പച്ചക്കറി തോട്ടമാണിത്.
ദിവസം 40 മുതൽ 50 കിലോ വരെ പച്ചക്കറിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.
തോട്ടത്തിലെ പച്ചക്കറികൾ ഉപയോഗിക്കുന്നവരാകട്ടെ അമ്പതിലേറെ കുടുംബങ്ങൾ.
ആവശ്യമുള്ളവർക്ക് പച്ചക്കറികൾ വീട്ടിലെത്തിച്ചും നൽകും.
കൃഷി നഷ്ടമല്ലെന്നും ശാസ്ത്രീയമായി കൃഷി ചെയ്താ താൽ ലാഭകരമാക്കി മാറ്റാൻ കഴിയുമെന്നും കൃഷിയുടമ സാനു പറഞ്ഞു. വൈവിധ്യമാർന്ന വിളകൾ പരീക്ഷിക്കുന്ന സാനുമാഷിൻ്റെ കൃഷിരീതികൾ പ്രശംസനീയമാണെന്ന് കൃഷി ഓഫീസർ ജിജി ജോബ് പറഞ്ഞു.
റിട്ട. അധ്യാപികയായ ഭാര്യ ബിന്ദുവും കൃഷിയിൽ പിന്തുണയുമായി ഒപ്പമുണ്ട്.
മക്കളായ അഞ്ജു സാനുവും മഞ്ജു സാനുവും ആയുർവേദ ഡോക്ടർമാരാണ്.അധ്യാപകജീവിതത്തിന് ശേഷം പാഠപുസ്തകങ്ങൾക്കു പകരം സാനുമാഷിൻ്റെ കൈയിൽ കൃഷി ഉപകരണങ്ങളാണ് ഉള്ളത്. കൃഷിയിടം തന്നെയാണ് ഇപ്പോൾ സാനു മാഷിന്റെ ക്ലാസ് മുറിയും, അവിടെ നിന്ന് പകർന്നു നൽകുന്നത് വിഷരഹിത കൃഷിയുടെ ഒരു പുതിയ പാഠവും.



















































