കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഏകദേശം 1500ഓളം പേര് താമസിക്കുന്ന മേഖലയിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് പാലം നിര്‍മാണത്തിലൂടെ സാധ്യമാകുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാലത്തിന്റെ അലൈന്മെന്റ് നിശ്ചയിച്ചു. രണ്ട് വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ആറുമീറ്റര്‍ വീതിയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.
പാലം നിര്‍മിക്കുന്നതിനാവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.ഡിപിആര്‍ അംഗീകരിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പാലം നിര്‍മാണത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ വര്‍ഷങ്ങളായി ഗതാഗതപ്രശ്നങ്ങള്‍ നേരിടുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള വനാതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ക്ക് യാത്ര കൂടുതല്‍ സുഗമമാകും. അടിയന്തര സാഹചര്യങ്ങളിലെ യാത്രയ്ക്കും വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദൈനംദിന സഞ്ചാരത്തിനും പാലം വലിയ ആശ്വാസമാകും. കല്ലേലിമേടിനും സമീപ ഉന്നതികള്‍ക്കും വികസനത്തിലേക്കുള്ള പുതിയ വഴിയാണ് തുറക്കുന്നത്.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കാന്തി വെള്ളക്കയന്, ലിസി സൈമണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു എബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് ശിവന്, റോബിന് സാബു, കുട്ടമ്പുഴ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോഷി പൊട്ടക്കന്‍, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരായ ശാലി അഗസ്റ്റ്യന്‍, സാം ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.



















































