കോതമംഗലം: ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇടവിട്ട് ശക്തിപ്രാപിക്കുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി തുടരുന്നു. 24 മണിക്കൂറിനിടെ ഇടമലയാറില്‍ 42 എം.എം., ലോവര്‍ പെരിയാറില്‍ 49 എം.എം., ഭൂതത്താന്‍കെട്ടില്‍ 37.7 എം.എം. എന്നീ അളവിലാണ് മഴ പെയ്തത്. ഇടമലയാറില്‍ 24 മണിക്കൂറിനിടെ 0.8 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ (ചൊവ്വാഴ്ച ) രാവിലെ 149.26 മീറ്ററായിരുന്ന ജലനിരപ്പ് ഉച്ചക്ക് 1-ന് 149.35 മീറ്ററായി. ആറ് മണിക്കൂറിനിടെ 9 സെന്റീമീറ്റര്‍ ജലനിരപ്പ് കൂടി. ഡാം സംഭരണിയില്‍ 49.03 ശതമാനം വെള്ളമാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ ഉയർച്ച ഉണ്ടായത്.
ലോവര്‍ പെരിയാര്‍ പദ്ധതിയുടെ പാംബ്ല അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി അളവില്‍ തുടരുകയാണ്. 253 മീറ്റര്‍ പരമാവധി സംഭരണശേഷി പിന്നിട്ടതോടെ ആണ് ഡാം തുറന്നത്. മൂന്ന് ദിവസമായി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 80000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ലോവര്‍ പെരിയാര്‍ ഡാമിന്റെ 100 ശതമാനം വെള്ളം സംഭരിച്ചിട്ടുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിന്റെ 14 ഷട്ടറുകൾ 7 മീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. ഒരു ഷട്ടർ തകരാറിലായതിനാൽ ഉയർത്തുവാനായിട്ടില്ല.




















































