കുട്ടമ്പുഴ: കുട്ടമ്പുഴ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണിട്ട് ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് രോഗികളും ‘108’ ഉൾപ്പെടെയുള്ള ആംബുലൻസുകളും കടന്നുപോകുന്ന വഴിയാണിത്. ശ്രദ്ധ തെറ്റിയാൽ വാഹനങ്ങൾ 30 അടി താഴ്ചയിലുള്ള ആറ്റിലേക്ക് പതിക്കുന്ന അവസ്ഥയാണുള്ളത്. തകർന്ന ഭാഗത്ത് ഒരു പ്ലാസ്റ്റിക് നെറ്റ് മാത്രമാണ് നിലവിലുള്ള സുരക്ഷ.
മൃഗാശുപത്രി, വൃദ്ധസദനം, പോസ്റ്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാരും ഇതുവഴിയാണ് പോകുന്നത്. ഇതിനുപുറമെ, ആശുപത്രിക്ക് പിന്നിലെ പൊതുശ്മശാനം കാടുകയറി കിടക്കുകയാണെന്നും 2018-ലെ പ്രളയത്തിൽ തകർന്ന ചുറ്റുമതിലോ അപകടാവസ്ഥയിലുള്ള മഴമരങ്ങളോ നീക്കം ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
സമീപത്തുള്ള പൊതു ശുചിമുറിയും പരിസരങ്ങളും പ്ലാസ്റ്റിക് മാലിന്യവും കാടുകയറിയും കിടക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു.



















































