കോതമംഗലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനു നേരെ കാട്ടാനയുടെ പരാക്രമം. തട്ടേക്കാട് -കോതമംഗലം റോഡിൽ മാവിൻചോടിൽ ഇന്ന് രാത്രി 7.40ഓടെ കോതമംഗലം കെഎസ്ഇബി നമ്പർ വൺ സെക്ഷനിൽ ഓവർസീയർ ആയി ജോലി ചെയ്യുന്ന കുട്ടമ്പുഴ സ്വദേശി ചിറങ്ങര ജിജോ (47) ക്ക് നേരെയാണ് കാട്ടു കൊമ്പൻ പാഞ്ഞടുത്തത്.
രാത്രി ഡ്യൂട്ടിക്കായി കോതമംഗലത്തേക്ക് വരുമ്പോൾ അപ്രതീക്ഷിതമായി ആനക്ക് മുന്നിൽ അകപ്പെടുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജിജോ ഉടനെ വണ്ടി റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. സമീപത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന ആർആർടി സംഘം ആനയെ ഓടിച്ച് കാട്ടിലേക്ക് തുരത്തി. തുടർന്ന് ജിജോയെ ആർആർടി സംഘത്തിൻ്റെ വാഹനത്തിൽ കോതമംഗലത്ത് എത്തിക്കുകയായിരുന്നു.




















































