കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ് തിങ്കളാഴ്ച രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു. ആന പരിസരത്തു തുടർന്നതോടെ സമീപവാസികൾ വനപാലകരെ അറിയിച്ചു. ആർആർടി ടിം എത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. സമീപത്തെ കുപ്പശ്ശേരിൽ ലത സന്തോഷിന്റെ 15 റബർത്തൈകളും ആന നശിപ്പിച്ചു. ദിവസങ്ങൾക്കു മുൻപു ലതയുടെ വീട്ടുമുറ്റത്തെ തെങ്ങ് കുത്തിമറിച്ചിരുന്നു. ഈ ഭാഗത്തു വൈദ്യുതവേലി ഉണ്ടെങ്കിലും കാട്ടാനശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.



















































