കോതമംഗലം: കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്നിറങ്ങിയ കാട്ടാന രണ്ടാഴ്ചയോളമായി ജനവാസമേഖലയില്‍ സ്ഥിരം സാന്നിധ്യം. രാത്രിയും പകല്‍ സമയങ്ങളിലും ആന നാട്ടില്‍ തുടരുന്ന സ്ഥിതിയാണ്. ഞായറാഴ്ച രാത്രി കുളങ്ങാട്ടുകുഴി ഭാഗത്താണ് ആന എത്തിയത്. രാത്രിയിലെത്തിയ ആന തിങ്കളാഴ്ച നേരം പുലര്‍ന്നശേഷവും പ്രദേശത്തുതന്നെ നിലയുറപ്പിച്ചിരുന്നു. രാവിലെ എട്ടോടെയാണ് ആനയെ നാട്ടുകാര്‍ കാണുന്നത്. പിന്നീട് ഏറെ ശ്രമകരമായാണ് ആനയെ പ്ലാന്റേഷനിലേക്ക് തിരികെ കയറ്റിവിട്ടത്. നിരവധി കൃഷിയിടങ്ങളിലൂടെ ആന സഞ്ചരിച്ച് കൃഷിനാശം വരുത്തി. വിവിധ കാര്‍ഷിക വിളകള്‍ ചവിട്ടിമെതിച്ചു. കയ്യാലകളും തകര്‍ത്തു. ആനയുടെ സാന്നിധ്യം അറിയാതെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ സമീപത്തെ റോഡുകളിലൂടെ കടന്നുപോയിരുന്നു.
ആനയെ തുരത്താന്‍ പ്രത്യേക ദൗത്യം
കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ കുറച്ചു ദിവസങ്ങളായി പിടിയാനയുടെ സാന്നിധ്യം നിരന്തരം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആനയെ ജനവാസ മേഖലയില്‍ നിന്നും മാറ്റുന്നതിന് വനം വകുപ്പ് തിങ്കളാഴ്ച മുതല്‍ പ്രത്യേക ദൗത്യം നടത്തുമെന്ന് അറിയിച്ചു. റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള പുലര്‍ച്ചെ ജോലിക്കു പോകുന്ന എല്ലാവരും വീടുകളില്‍ തന്നെ പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കുവാനും വനം വകുപ്പ് അറിയിച്ചു.






















































