കോതമംഗലം : പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ( പി വി ഐ പി) കീഴിലുള്ള ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ ബാരേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും. നിലവിൽ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്.
കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പുള്ളതിനാലും, പെരിയാറ്റിൽ നീരൊഴുക്ക് കൂടാൻ സാധ്യതയുള്ളതിനാലും ബാരേജിലെ ജലനിരപ്പ് 30 മീറ്ററിന് താഴെയായി ക്രമീകരിക്കുന്നതിനാണ് ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.
കാലവർഷത്തിന്റെ ശക്തിക്കനുസരിച്ച് ബാരേജിന്റെ മുഴുവൻ ഷട്ടറുകളും വരും ദിവസങ്ങളിൽ ഉയർത്തിയേക്കാം.പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് പി.വി.ഐ.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.























































