കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചാത്തമറ്റം ഊരംകുഴി റോഡിന്റെ പുതുചിറ ഭാഗത്ത് ബണ്ട് റോഡ് ഇടിഞ്ഞു. ഇതോടെ റോഡ് ഏത് നിമിഷവും ചിറയിലേക്ക് ഒലിച്ചിറങ്ങാവുന്ന അവസ്ഥയിലായി. ഒരു വര്‍ഷക്കാലമായി റോഡിന്റെ വശങ്ങള് ഇടിയുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡ് തകരുന്നതു ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും വിവിധ സംഘടനകളും നാട്ടുകാരും നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ദിനവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇവിടെ മണ്ണിടിച്ചിലിന് സാധ്യത ഏറെയാണ്. ഇതോടെ റോഡ് പൂര്‍ണമായും തകരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോതമംഗലം മൂവാറ്റുപുഴ മേഖലകളിലെ 30ല്‍ പരം സ്കൂള്‍ ബസുകള്‍ ഇതിലൂടെ വിദ്യാര്‍ഥികളുമായി കടന്നുപോകാറുണ്ട്.
സ്കൂള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമാണുള്ളത്. വലിയ അപകടം സംഭവിക്കുന്നതിനു മുന്‍പ് നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.



















































