കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിന്റെ കോമ്പൗണ്ടിലെ ദേശീയപാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തണല്‍മരവും ഉണങ്ങി നില്‍ക്കുന്ന മറ്റൊരു മരവും റോഡിലെ യാത്രക്കാരുടെയും ചികിത്സ തേടിയെത്തുന്ന രോഗികളുടെയും ജീവന് ഭീഷണിയാകുന്നു. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തില്‍ ഉയരമുള്ള വാഹനങ്ങള്‍ ലോഡുമായി പോകുമ്പോള്‍ തട്ടുന്നത് പതിവാണ്.
അപകടം ഉണ്ടാകാതിരിക്കാന്‍ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ലെന്ന് ആവര്‍ ആരോപിച്ചു. ഉണങ്ങിയ മരം ആണെന്നും വാഹനങ്ങള്‍ അടിയില്‍ പാര്‍ക്ക് ചെയ്യരുതെന്നുമുള്ള ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ടെങ്കിലം ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഇതിനു സമീപമാണ് പാര്‍ക്ക് ചെയ്യുന്നത്. ദേശീയപാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തിന്റെ കാര്യത്തില്‍ ഒരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.



















































