കോതമംഗലം:നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല പ്രസിഡൻ്റായിരുന്ന പി.കെ. കുര്യാക്കോസിന്റെ സ്മരണയ്ക്കായി ഗ്രന്ഥശാല ഏർപ്പെടുത്തിയ പി.കെ. കുര്യാക്കോസ് സ്മാരക പുരസ്കാരം വി.കെ. ദീപ എഴുതിയ ഭവിഷ്യതി എന്ന ചെറുകഥ സമാഹാരത്തിന്.25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.2023 ജനുവരി ഒന്നിനും 2025 ഏപ്രിൽ 20 നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥ സമാഹാരങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.ശൈലൻ (കവി), എസ്. സിതാര (കഥാകൃത്ത്), ബോബി പി. കുര്യാക്കോസ് (മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ) എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്ക്കാര നിർണയം നടത്തിയത്.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ അധ്യപികയാണ് ദിവ്യ.വിവിധ ആനുകാലിക ങ്ങളിൽ കഥകൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നിവ എഴുതാറുണ്ട്. ജന്മാന്തര സ്നേഹസഞ്ചാരികൾ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. വുമൺ ഈറ്റേഴ്സ് എന്ന കഥാസമാഹാരത്തിന് ടി.കെ.ഡി സാഹിത്യപുരസ്കാരം, അബുദാബി ശക്തി അവാർഡ്, മലയാറ്റൂർ പ്രൈസ്, അയനം സി.വി. ശ്രീരാമൻ പുരസ്കാരം എന്നിവയടക്കം ലഭിച്ചിട്ടുണ്ട്.മെയ് 18ന് ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. മധു പുരസ്കാരം വിതരണം ചെയ്യുമെന്ന് ക്ലമ്പ് ഭാരവാഹികൾ അറിയിച്ചു.






















































