കോതമംഗലം: കാട്ടാനശല്യം രൂക്ഷമായ കീരംപാറ, കവളങ്ങാട് പഞ്ചായത്ത് അതിര്‍ത്തിപ്രദേശത്ത് ജനകീയ കൂട്ടായ്മയില്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മിച്ച് മാതൃകയായി നാട്ടുകാര്‍. ഫെന്‍സിംഗ് സ്ഥാപിച്ച് മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനും കൃഷികള്‍ക്കും സംരക്ഷണമൊരുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അധികൃതര്‍ തുടര്‍ച്ചയായി അവഗണിച്ചപ്പോഴാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളുടെ അതിര്‍ത്തികളിലുള്ള ചീക്കോട്, ചാരുപാറ, പോത്തുപാറ പ്രദേശത്താണ് നാട്ടുകാരുടെ കൂട്ടായ്മ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മിച്ചത്.
രണ്ടുഘട്ടങ്ങളിലായി പെരിയാര്‍ തീരത്ത് നാലു കിലോമീറ്ററോളം നീളത്തിലാണ് ഇവര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിച്ചത്. വനംവകുപ്പിന്റെയും മറ്റു സര്‍ക്കാര്‍ അധികൃതരുടെയും ഭാഗത്തുനിന്നു ഫെന്‍സിംഗ് നിര്‍മിക്കണമെന്ന ആവശ്യത്തോട് മെല്ലെപ്പോക്കും മുഖംതിരിക്കലും മാത്രം പ്രതികരണമായപ്പോഴാണ് ജനകീയ കൂട്ടായ്മ രംഗത്തിറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. നാലു വര്‍ഷത്തോളമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതു പതിവായി. അധികൃതരെയും ജനപ്രതിനിധികളെയും നാട്ടുകാര്‍ പരാതി അറിയിച്ചെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായില്ല.
പ്രദേശവാസികളായ കര്‍ഷകര്‍ നാളുകളായുള്ള അധ്വാനത്തിലൂടെ നട്ടുപിടിച്ച കാര്‍ഷിക വിളകള്‍ ഇരുട്ടിവെളുക്കുമ്പോള്‍ ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് കാട്ടാനകളുടെ വിളയാട്ടം വര്‍ധിച്ചു. ഇഞ്ചത്തൊട്ടി വനത്തില്‍ നിന്നും പെരിയാര്‍ കടന്നെത്തുന്ന കാട്ടാനകളാണ് പ്രദേശത്ത് നാശം വിതച്ചിരുന്നത്. നേരം നന്നായി പുലരാതെ റബര്‍ ടാപ്പിംഗിനോ മറ്റ് ആവശ്യങ്ങള്‍ക്കോ തോട്ടങ്ങളിലേക്ക് ധൈര്യമായി പോകാന്‍ പറ്റാത്ത അവസ്ഥയായെന്നു നാട്ടുകാര്‍ പറയുന്നു.
കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളില്‍ കാട്ടാന ശല്യം നേരിടുന്ന പ്രദേശത്തെ 1200 ലേറെ കര്‍ഷകരുടെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് ഫെന്‍സിംഗ് നിര്‍മാണത്തിന്റെ ആലോചന തുടങ്ങിയത്. ആശയത്തിനു പിന്തുണയേറിയതോടെ കഴിഞ്ഞ ഒക്ടോബറില്‍ നിര്‍മാണം ആരംഭിച്ചു. ഫെബ്രുവരി പകുതിയോടെ ആദ്യഘട്ടത്തിലെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിച്ചു. പ്രദേശവാസികള്‍ പണം സമാഹരിച്ചാണ് കമ്പിയും, തൂണുകളും, ഇരുമ്പ് സ്പ്രിംഗുകളുമുള്‍പ്പെടെയുള്ള സാമഗ്രികള്‍ വിങ്ങിയത്.
നിര്‍മാണത്തിനു വിദഗ്ധ തൊഴിലാളികള്‍ക്കൊപ്പം നാട്ടുകാരും സഹായികളായി. കൂടാതെ ഫെന്‍സിംഗിന് ഇരുവശവും കാട് വെട്ടിത്തെളിക്കാന്‍ ശ്രമദാനത്തിന് നിരവധി പേരെത്തി. ദിവസവും മുപ്പതോളം പേരാണ് ഒത്തുചേര്‍ന്ന് ശ്രമദാനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ സമാഹരിക്കാനായ ഒമ്പതു ലക്ഷത്തോളം ചെലവഴിച്ചാണ് നാലു കിലോമീറ്ററോളം ഫെന്‍സിംഗ് പൂര്‍ത്തീകരിച്ചതെന്ന് ജനകീയ കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു. ഏതെങ്കിലും ഭാഗത്ത് ഫെന്‍സിംഗ് തകര്‍ന്നാല്‍ അര കിലോമീറ്ററോളം പുനര്‍നിര്‍മിക്കാനുള്ള ഹാങ്ങിംഗ് സ്പ്രിംഗുകളും, കമ്പിയും, ജിഐ പോസ്റ്റുകളും ഇവര്‍ കരുതിയിട്ടുണ്ട്.
ഫെന്‍സിംഗ് സ്ഥാപിച്ച ഭാഗത്ത് നിരീക്ഷണ കാമറയും സോളാര്‍ ലൈറ്റും സ്ഥാപിച്ച് കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പെരിയാറിന്റെ അക്കരെ നിന്നും പുഴനീന്തിക്കടന്നെത്തിയ രണ്ട് ആനകള്‍ ഫെന്‍സിംഗില്‍ തട്ടി നേരിയ ഷോക്ക് ഏറ്റതോടെ മടങ്ങിപ്പോകുന്ന ദൃശ്യവും നിരീക്ഷണ കാമറയില്‍ പതിഞ്ഞതായി ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.
ഫെന്‍സിംഗിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനൊപ്പം അതില്‍ വള്ളിപ്പടര്‍പ്പുകള്‍ കയറാതെ സംരക്ഷിക്കാന്‍ അതാത് പ്രദേശങ്ങളില്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയുടെ കണ്‍വീനര്‍ നെടുങ്കല്ലേല്‍ ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളായി തിരിച്ചാണ് ചുമതല വീതിച്ചു നല്‍കിയിട്ടുള്ളത്. ഏബ്രഹാം, ജോബിന്‍ ജോസഫ്, വില്‍ റോസ്, റോയി, ജോഷി നെടുങ്കല്ലേല്‍ എന്നിവരാണ് സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചത്.




















































