കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം അവസാനഘട്ടത്തിലെത്തിയെങ്കിലും ടാറിംഗ് പൂര്‍ത്തിയാകാത്ത ഭാഗം ചെളിക്കുണ്ടായി മാറിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കോഴിപ്പിള്ളി മുതല്‍ തങ്കളം വരെ ഏകദേശം 3 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതില്‍ കലാനഗര്‍ മുതല്‍ കോഴിപ്പിള്ളി പാര്‍ക്ക് വ്യൂ ജംഗ്ഷന് വരെയുള്ള റോഡിന്റെ 400 – മീറ്ററോളം ഭാഗമാണ് ടാര്‍ ചെയ്യാതെ ചെളിക്കുണ്ടായി മാറിയത്.
നിലവില്‍ വാഹനങ്ങള്‍ ഈ വഴിയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും മഴയെ തുടര്‍ന്ന് റോഡ് യാത്ര ദുഷ്കരമായിരിക്കുകയാണ്. കാല്‍നടയാത്ര പോലും പ്രയാസകരമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.20 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലമെടുത്ത് പോയതാണെന്നും, ഗതാഗത സൗകര്യത്തിന് ഉതകുന്ന ഈ റോഡിന്റെ നിര്‍മ്മാണം ഇനിയെങ്കിലും പൂര്‍ത്തിയാക്കിത്തരാന്‍ അധികൃതര്‍ തയ്യാറാകണമെന്നും പ്രദേശവാസിയായ തോമസ് പറഞ്ഞു.
റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കോതമംഗലം എം.എല്‍.എ. ഷിബു തെക്കുംപുറം, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഷിബു കുര്യാക്കോസും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും ബൈപ്പാസ് സന്ദര്‍ശിച്ചു.ഈ റോഡിന്റെ നിര്‍മ്മാണം 20 വര്‍ഷം നീണ്ടു പോയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ ഷിബു കുര്യാക്കോസ് പറഞ്ഞു.
ന്യൂ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കോതമംഗലം പട്ടണത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നും, രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ പറഞ്ഞു. പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ന്യൂ ബൈപ്പാസ് റോഡിന്റെ നിര്‍മാണം ഇനി പ്രഖ്യാപിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്.




















































