കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു.
കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം കണക്കിലെടുത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ആയതിനു അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്നും എം.എൽ.എ വാട്ടർ അതോറിറ്റിക്കും ജലസേചന വിഭാഗത്തിനും നിർദ്ദേശം നൽകി.
താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി നടന്നുവരുന്ന പി.ഡബ്ല്യു.ഡി റോഡ്സ്, എൻ.എച്ച് വിഭാഗത്തിന്റെ അറ്റകുറ്റപ്പണികളുടെ പുരോഗതിയെപ്പറ്റി യോഗം ചർച്ച ചെയ്യുകയും, മഴയ്ക്കു മുൻപ് ടി വർക്കുകൾ പൂർത്തീകരിക്കുന്നതിനും, റോഡുകളിൽ ഉള്ള മറ്റു തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും എം.എൽ.എ യോഗത്തിൽ ഇരുവിഭാഗത്തിനും നിർദ്ദേശം നൽകി.
കൂടാതെ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി മുതലായ മറ്റു വകുപ്പുകളിലെയും താലൂക്ക് പരിധിയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി , പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ജോർജ്, വൈസ് പ്രസിഡന്റ് ലത ഷാജി,തഹസിൽദാർ അനിൽകുമാർ എം തുടങ്ങിയവർ ഉൾപ്പെടെ മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.






















































