കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട. അദ്ധ്യാപകനായ സി. കെ.അലക്സാണ്ടർ.സാങ്കേതികതയും, സോഷ്യൽ മീഡിയയും അരങ്ങ് തകർക്കുമ്പോഴും ആ പുത്തൻ സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കിനിടയിലും
വാർത്തകൾ അറിയാനും, പാട്ട് കേൾക്കാനും ചെങ്ങമനാടൻ വീട്ടിൽ അലക്സാണ്ടർ എന്ന 83കാരന് ആ പഴയ റേഡിയോപെട്ടി തന്നെ വേണം.ടെലിവിഷന്റെയും,
മൊബൈൽ ഫോണിന്റെയും സ്ക്രീനുകളിൽ തെളിയുന്ന വർണ്ണ കാഴ്ചകൾക്ക് മുമ്പ് ലോകം വാണ റേഡിയോയെ നൊസ്റ്റാൾജിയയായി കൊണ്ട് നടക്കുന്നവരിൽ ഒരാളാണ് അലക്സാണ്ടർ.റേഡിയോ യുമായി ബന്ധപ്പെട്ട ഏതറിവും അലക്സാണ്ടർക്ക് മനഃ പാഠമാണ്.റേഡിയോ ഇല്ലാത്തൊരു ലോകത്തെപ്പറ്റി ഈ റിട്ട. അധ്യാപകന് ചിന്തിക്കാനേ സാധ്യമല്ല.അത് കേവലമൊരു വിനോദോപാധിയല്ല ഇദ്ദേഹത്തിന്. തന്റെ ജീവിതം തന്നെയാണ്.ചെറുപ്പം മുതലേ റേഡിയോ കേൾക്കുന്ന ശീലമുണ്ട്.അത് തന്നിൽ ഒരുപാട് മാറ്റം ഉണ്ടാക്കി.മറ്റുള്ളവരോടുള്ള പെരുമാറ്റം, ജീവിത ശൈലി തുടങ്ങിയവ രൂപപ്പെടുത്തുന്നതിൽ റേഡിയോ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.റേഡിയോ പരിപാടികൾ കേട്ടു കൊണ്ടാണ് അലക്സാണ്ടറുടെ ഓരോ ദിനവും തുടങ്ങുന്നത് തന്നെ.രാത്രി 11 മണിക്ക് റേഡിയോ പരിപാടികൾ അവസാനിക്കുന്നതുവരെ കാതിൽ റേഡിയോ തന്നെയാണ് ഇദ്ദേഹത്തിന് കൂട്ട്.ഒരുകാലഘട്ടത്തിന്റെ ശബ്ദമായിരുന്ന റേഡിയോ തന്റെ ജീവിതത്തെ മാറ്റിമറിച്ചത് സാക്ഷ്യപ്പെടുത്തുവാൻ ഒരുപാട് ഉണ്ട് ഇദ്ദേഹത്തിന്.
ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കൾക്ക് സുപരിചിതമായ പേരാണ് അലക്സാണ്ടർ കോതമംഗലം എന്നത്. 1980ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള സമ്മാനമായി
കേന്ദ്രമന്ത്രി വസന്ത് പി സാഠെ റേഡിയോ നൽകി. അങ്ങനെ നിരവധിതവണ പുരസ്‌കാരങ്ങൾ തേടിയെത്തി.വയലും വീടും, കൃഷിപാഠം, ആകാശവാണിയിലൂടെയുള്ള ജീവധാര, അമൂല്യമീ നേത്രങ്ങൾ, അക്ഷയ ഊർജവും നമ്മളും, മത്സ്യകേരളം, നമ്മുടെ ആഹാരം, സുഗന്ധകേരളം, എയ്ഡ്‌സ് ബോധവൽക്കരണം തുടങ്ങി നിരവധി പരമ്പരകളിൽ ഇദ്ദേഹം വിജയിയായി. സമ്മാനമായി രണ്ടുതവണ കൃഷി ശാസ്ത്രജ്ഞരോടൊപ്പം അഖിലേന്ത്യാ പര്യടനത്തിനും അവസരം ലഭിച്ചു. സമ്മാനമായി ലഭിച്ച 20ൽപ്പരം റേഡിയോകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി അവരെയും റേഡിയോയുടെ ലോകത്തേക്ക് കൈപിടിച്ചു. അലക്സാണ്ടറിന് ഊണിലും ഉറക്കത്തിലും പറമ്പിൽ പണിയെടുക്കുമ്പോഴുമെല്ലാം റേഡിയോ സന്തതസഹചാരിയാണ്. തനിക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന- ദേശീയ അവാർഡുകൾ(1994,
1995) നേടിത്തന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചത് റേഡിയോയും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടക്കിയിരിക്കുന്ന യെൽദോ മാർ ബസേലിയോസ് ബാവയുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറയുന്നു. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, പ്രിസ്റ്റിജിയസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് എന്നിവ നേടിയിയുള്ള അലക്സാണ്ടർക്ക് 2019ൽ കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോതാവിനുള്ള ശ്രവണശ്രീ അവാർഡും ലഭിച്ചു.ചിത്രകലയിലും, ബുൾബുൾ വായനയിലും മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം
1998ൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് വിരമിച്ചത്.സ്കൂൾ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയ മേളകളിലും വിദ്യാർത്ഥികളെ മത്സരിപ്പിച്ച് വിജയിപ്പിച്ച് മാർ ബേസിലിന്റെ പേര് എഴുതി ചേർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രവൃത്തി പരിചയത്തിൽ റിസോഴ്സ് പേർസണായ അലക്സാണ്ടർ, രണ്ടായിരത്തിൽ പരം അദ്ധ്യാപകർക്ക് ക്ലാസ്സുകൾ നൽകിയിട്ടുണ്ട്. പുതുതലമുറയിലെ സ്വകാര്യ എഫ്. എം റേഡിയോകളായ റേഡിയോ മംഗോയും, ക്ലബ് എഫമും, റെഡ് എഫമുമെല്ലാം ഇദ്ദേഹം ദിനേന ശ്രവിക്കാറുണ്ട്. മാധ്യമ പ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ മകൻ ഏബിൾ സി അലക്സിനോടൊപ്പമാണ് താമസം. ഭാര്യ: പരേതയായ മേരി.
ചിത്രം : അലക്സാണ്ടർ റേഡിയോ ശ്രവണത്തിൽ






















































