കോതമംഗലം: മകനെ ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് കുടുംബം ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ചേലാട് സ്വദേശി ജോര്‍ജ്, ഭാര്യ, സഹോദരന് എന്നിവര്‍ ചേര്‍ന്നാണ് ബിജെപി ഓഫീസിന് മുന്നില്‍ സമരം നടത്തിയത്.
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ മകന് ലഭിച്ച പണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂണ്‍ മുതല്‍ നവംബര്‍ വരെ 10, 50,000 ഓളം രൂപയാണ് ബിജെപി കോതമംഗലം ഭാരവാഹികള്‍ വാങ്ങിയതെന്നും, എന്നാല്‍ പണം വാങ്ങിയതല്ലാതെ മണ്ഡലം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.
നഷ്ടപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബിജെപി ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയതായും ജോര്‍ജ് പറഞ്ഞു. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് കുടുംബം പരാതിനല്‍കിയിട്ടുണ്ട്.നഷ്ടമായ പണം തിരികെ കിട്ടുന്നതു വരെ സമരം നടത്താനെത്തിയ സംഘത്തെ കോതമംഗലം പോലീസ് അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.






















































