കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ പുലി കന്നുകാലിയെ പിടിച്ചതായി സംശയം. കഴുത്തിന് പരിക്കേറ്റ പശുകിടാവ് ഗുരുതരാവസഥയിലാണ്. പുലിയുടെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടിട്ടുള്ള കോട്ടപ്പാറ വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് സംഭവം എന്നത് നാട്ടുകാരെ ആശങ്കയിൽ ആഴ്ത്തി. വേട്ടാമ്പാറ ഇഞ്ചപ്പിള്ളിയിൽ ശശിയുടെ പശുക്കിടാവിനാണ് പുലിയുടെ ആക്രമണം ഉണ്ടായത്. രാത്രിയിൽ വീടിന് സമീപത്ത് കെട്ടിയിട്ടിരുന്ന കിടാവിന്റെ കരച്ചിൽ കേട്ട് വന്ന് നോക്കിയപ്പോൾ പുലി ഓടിമറിയുകയായിരുന്നു എന്ന് ശശി പറയുന്നു.
കോട്ടപ്പാറ വനമേഖലയിൽ മാസങ്ങൾക്ക് മുൻപ് വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കുകയും, പ്ലാമുടിയിൽ വീട്ടമ്മയെ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വനം വകുപ്പ് പുലിയെ പിടികൂടുവാനായി കൂട് സ്ഥാപിച്ചെങ്കിലും വിഫലമാകുകയായിരുന്നു. വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.