കോതമംഗലം: പക്ഷികളുടെയും, പറവകളുടെയും, വണ്ടുകളുടെയും ഇഷ്ട്ടയിടമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഉദ്യാനം.ലോക് ഡൗൺ കാലത്തും, ലോക്ക് അഴിച്ച കാലത്തും ലോക്കില്ലാതെ പക്ഷികളും, പറവകളും ഹരിതാഭമാർന്ന എം.എ കോളേജ് ഉദ്യാനത്തിൽ പാറി പറക്കുകയാണ്.ഈ കൊടിയ വേനൽക്കാലത്തും ഇവക്കു ദാഹമകറ്റുവാൻ വെള്ളം നൽകി കാത്തു പരിപാലിക്കുകയാണ് എം.എ.കോളേജ് അധികാരികൾ. ഏകദേശം 30 ഓളം ഇനത്തിൽ പെട്ട പക്ഷികളും, വിവിധ ഇനം ചിത്രശലഭങ്ങളും ഈ ഉദ്യാനത്തിൽ പലപ്പോഴയി വരുന്നുണ്ടെന്ന് പക്ഷി നിരീക്ഷകനും, വന്യ-ജീവി ഫോട്ടോഗ്രാഫറും, കോളേജിലെ ഊർജതന്ത്ര വിഭാഗം ലാബ് ജീവനക്കാരനുമായ റ്റെഡി എൻ. ഏലിയാസ് പറഞ്ഞു.
ഓലഞ്ഞാലി , ബുൾബുൾ , മണ്ണാത്തിപ്പുള്ള്, മഞ്ഞക്കിളി, എന്നിവ ഇവയിൽ ചിലത് മാത്രം. മുടങ്ങാതെ എല്ലാ ദിവസവും പ്രത്യോകം തയ്യാറാക്കിയ പാത്രത്തിൽ റ്റെഡി വെള്ളം നിറച്ച് വയ്ക്കും. പക്ഷികൾ വന്ന് ഈ ജലം കുടിച്ചും, ചിറകിട്ടടിച്ച് വെള്ളം തെറിപ്പിച്ചും ആസ്വദിച്ച് പാറിപ്പറന്നു പോകും. കൊടിയ വേനൽ ആണ് . ഇതുപോലെ പാത്രത്തിലോ,പഴയ ആട്ടുകല്ല് വൃത്തിയാക്കി വീട്ടിലെ തണലുള്ളതും, മറ്റ് ശല്യങ്ങൾ ഇല്ലാത്തതുമായ സ്ഥലത്ത് വെളളം നിറച്ച് വച്ച് നോക്കൂ. വെള്ളം കുടിക്കുവാനും , അതിൽ കുളിക്കുവാനുമായി പക്ഷികൾ പറന്നെത്തും.പക്ഷികൾക്ക് അത് വളരെ ഉപകാരമായിരിക്കും.
നമുക്ക് മനം കുളിർക്കുന്ന നല്ലൊരു കാഴ്ചയും…. ഈ ഭൂമി മനുഷ്യർക്ക് മാത്രം അവകാശ പെട്ടതല്ലല്ലോ… സകല പക്ഷി -മൃഗാദികൾക്കും കൂടി അവകാശപ്പെട്ടതല്ലേ…പ്രകൃതി സ്നേഹിയായ ടെഡി പറയുന്നു. പ്രകൃതി സംരക്ഷണത്തിന് എന്നും വേറിട്ട കാഴ്ച്ചപ്പാടുമായി മുന്നിൽ നിൽക്കുന്ന കലാലയമാണ് എം. എ. കോളേജ് . പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടി കോളേജ് കൈക്കൊണ്ടിട്ടുള്ള പല കാര്യങ്ങളും സമൂഹത്തിനു മാതൃക ആക്കാവുന്നതാണ്. അങ്ങനെ ഈ വേനൽക്കാല ദിനങ്ങളിലും പക്ഷികൾക്കും’ പറവകൾക്കും, വേണ്ടി കരുണയുടെ വറ്റാത്ത പ്രതികമാകുകയാണ് എം.എ.കോളേജിലെ ജീവനക്കാർ.
ചിത്രം : എം. എ. കോളേജ് ഉദ്യാനത്തിൽ പ്രത്യേകം തയാറാക്കി വെച്ചിരിക്കുന്ന പാത്രത്തിലെ വെള്ളത്തിൽ ചിറകിട്ടടിച്ചും, വെള്ളം കുടിച്ചും ആസ്വദിക്കുന്ന പക്ഷി.