പെരുമ്പാവൂർ : കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയെ എം.ഡി.എം.എ മയക്കുമരുന്നുമായി പിടികൂടി. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്റോ (24) നെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്. നിരവധി ക്രിമനൽ കേസിൽ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് റൂറൽ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്. ഇത് ലംഘിച്ച് മയക്കുമരുന്നു മായി ലിന്റോ ജില്ലക്കകത്ത് പ്രവേശിക്കുകയായിരുന്നു. പള്ളിക്കര വെമ്പിള്ളി ഭാഗത്ത് ഇയാളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ .കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
നരഹത്യാശ്രമം, അടിപിടി, കവർച്ച, മാരകായുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ എ.എസ്.പി അനുജ് പൽവാൽ, ഇൻസ്പെക്ടർ വി.ടി ഷാജൻ, എസ്.ഐമാരായ എം.പി.എബി, കെ.ടി. ഷൈജൻ, എ.എസ്.ഐ കെ.കെ സുരേഷ് കുമാർ, എസ്.സി.പി.ഒ മാരായ പി.എ അബ്ദുൾ മനാഫ്, കെ.എൻ അജിൽ കുമാർ, ടി.എ അഫ്സൽ, എഡ്വിൻ ജോസഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.