കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിലും കോട്ടപ്പടി പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശവുമായ പാനിപ്ര കേന്ദ്രീകരിച്ച് അന്യ സംസ്ഥാന തൊഴിലാളികള്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന് കെട്ടിടങ്ങൾ വടകക്കെടുത്തു അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി വ്യാപകമായ പരാതി ഉയർന്നിരിക്കുകയാണ്. കെട്ടിട ഉടമകളുടെ അറിവോടെയാണ് അനാശാസ്യ കേന്ദ്രങ്ങള്‍ നടന്നുവരുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഉയർന്ന വാടകയ്ക്കാണ് കെട്ടിടങ്ങൾ വാടകക്ക് നൽകിയിട്ടുള്ളത്.
ദൂരെ ദിക്കുകളില്‍ നിന്നുപോലും അന്യസംസ്ഥാന തൊഴിലാളികള്‍ അനാശാസ്യത്തിന് എത്തുന്നുണ്ടെന്നാണ് സമീപവാസികളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി-മയക്കു മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നതായും വാടക കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് മോഷണ സംഘങ്ങള്‍ ഒളിവില്‍ കഴിയുന്നതായും പരക്കെ ആശങ്കയുണ്ട്.
വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിശദാംശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളും പോലീസും കെട്ടിട ഉടമകളില്‍ നിന്ന് ശേഖരിക്കാന്‍ നടപടിയുണ്ടാകണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഖാദര്‍ ആട്ടായം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷറഫ് ബാവ, കെ.എം.ഉമ്മര്‍ , റ്റി.എം.സിറാജ് , കുഞ്ഞുമുഹമ്മദ് കാനാക്കുഴി, സുബൈര്‍ പൂതയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.