കോതമംഗലം: തൃക്കാരിയൂർ ജംഗ്ഷനിലെ അശാസ്ത്രീയമായ റോഡ് നിർമാണം അപകട പരമ്പരക്ക് കാരണമാകുന്നതായി പരാതി. ഇൻറർലോക്കിംഗ് ബ്രിക്ക്സ് വിരിച്ചതിനു ശേഷമുണ്ടായ റോഡിൻ്റെ പൊക്ക വ്യത്യാസമാണ് അപകടങ്ങൾക്ക് കാരണം. പഴയ റോഡ് ബ്രിക്ക്സ് വിരിച്ച് പൊക്കിയപ്പോൾ റോഡിന് ഇരുവശവും കുത്തനെയുള്ള കട്ടിംഗുകൾ ആയി മാറിയിരിക്കുകയാണ്. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾക്കു സൈഡു കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ മറിയുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
കൂടാതെ ടാർ ചെയ്ത ഭാഗവും കട്ട വിരിച്ച ഭാഗവും തമ്മിലുള്ള ഉയർച്ച വത്യാസത്തിലും കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളുടേയും ബമ്പറുകളും, അടിഭാഗവും റോഡിൽ ഇടിച്ച് വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.