പെരുമ്പാവൂർ : വാഴക്കണ്ണിൻറെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടു പേർ പോലീസിൻറെ പിടിയിൽ. നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവുർ വല്ലത്തിനു സമീപം വച്ച് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 30 കുപ്പി മദ്യവും, കടത്താനുപയോഗിച്ച വാഹനവും പിടികൂടി. കേരളത്തിൽ നിന്നും പൈനാപ്പിളുമായാണ് സംഘം തമിഴ്നാട്ടിലേക്ക് പോകുന്നത്. അവിടെ നിന്നും മദ്യം സംഘടിപ്പിച്ച് പായ്ക്ക് ചെയ്ത് അതിന് മുകളിൽ വാഴക്കണ്ണ് കയറ്റിയാണ് മദ്യം കൊണ്ടു വന്നത്.
മദ്യം കടത്തുന്നതിനെക്കുറിച്ച് എസ്.പി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഇവർ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിന് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടിമും, പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ വി.ആർ.ഉണ്ണികൃഷ്ണൻ, സി.പി.ഒ എം.ബി.സുബൈർ, വി.ആർ രതീഷ്കുമാർ., എന്നിവരും ഉണ്ടായിരുന്നു.