കോതമംഗലം : ഇന്ന് നവംബർ ഇരുപത്തി ഒന്ന് ലോക ടെലിവിഷൻ ദിനമായി ഐക്യരാഷ്ട്ര പൊതു സഭ ആചരിച്ചു പോരുന്ന സുദിനം. കുഞ്ഞു നാളിൽ വലിയ റേഡിയോയിൽ രാവിലെ പ്രഭാതഭേരി കേട്ടു ഉറക്കമുണർന്നുരുന്ന ഒരു ജനത, റേഡിയോയിൽ സംപ്രേഷണം ചെയ്തിരുന്ന വാർത്തകളുടെയും സിനിമ ഗാനങ്ങളുടെയും ആരാധകരായിരുന്ന പഴമക്കാർ, അവരുടെ മുൻപിലേക്കാണ് പിൻവശം തള്ളിയ മുൻപിൽ വലിയ ഗ്ലാസ്സുമുള്ള വലിയ ചതുരപ്പെട്ടി, ‘ടെലിവിഷൻ’ എന്നപേരിൽ അവതരിച്ചത്. ഇന്റർനെറ്റ് ടി വി യും കണ്ടുനടക്കുന്ന പുതുതലമുറ നമ്മുടെ പഴയ പിക്ചർ ട്യൂബ് ഉള്ള വലിയ ടെലിവിഷൻ കണ്ടിട്ടുണ്ടോയെന്നുതന്നെ സംശയമാണ്.
എൺപതുകളുടെ പകുതിയോടെ സോളിഡൈർ, സോണി തുടങ്ങി മറ്റു പല കമ്പനികളുടെയും എടുത്താൽ പൊങ്ങാത്ത, ഭാരമുള്ള വലിയ ടെലിവിഷൻ നമ്മുടെ മുന്നിലേക്കെത്തി . കൂടെയൊരു വലിയ മീൻമുള്ളു പോലെയുള്ള വീടിനു മുകളിൽ സ്ഥാപിക്കുന്ന ആന്റിനയും. ദൂരദർശൻ സംപ്രേഷണം മാത്രമുള്ള കാലം. ഞായറാഴ്ച അതി രാവിലെ എഴുന്നേറ്റു ക്ലോക്കിലെ സമയം നോക്കി ടെലിവിഷൻ ഓണാക്കി അതിൽ നോക്കിയിരുന്ന ഒരു തലമുറ. രാവിലെ ടോം ആൻഡ് ജെറി കാർട്ടൂണും അതിനു ശേഷം ഹിന്ദി സിനിമ ഗാനങ്ങളുമായി രംഗോലിയും, പിന്നെ ഇടദിവസങ്ങളിൽ വന്നിരുന്ന ചിത്രഹാർ, തരംഗമായി മാറിയ രാമായണം, മഹാഭാരതം പരമ്പരകൾ വലിയ ടെലിവിഷനെ ജനകീയമാക്കി. വളരെ പെട്ടെന്ന് തന്നെ ഒരുപാട് വീടുകളിൽ ടെലിവിഷൻ എത്തിതുടങ്ങി, ടെലിവിഷൻ വീടുകളിൽ ഇല്ലാത്തവർ ടിവി യുള്ള അടുത്ത വീടുകളിൽ കൂട്ടമായിയെത്തി പരിപാടികൾ കണ്ടുതുടങ്ങി.
പുര പുറത്ത് ആന്റിന ഉള്ളതും വീട്ടിൽ ടിവി യുള്ളതും വലിയ കാര്യമായി മാറി. കൈയിൽ പണം കുറവുള്ളവർ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ സിനിമകൾ കണ്ടു. ജംഗിൾ ബുക്ക്, സൂപ്പർമാൻ കാർട്ടൂൺ, രാമായണം,ശക്തിമാൻ, മഹാഭാരതം, ദി ബൈബിൾ, ടിപ്പു സുൽത്താൻ തുടങ്ങി ഒരു പാട് ഹിന്ദി പരമ്പരകൾ നമ്മൾ നെഞ്ചോടു ചേർത്തു, ജനപ്രിയമായി. ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ കറന്റ് പോകരുതേയെന്ന പ്രാർത്ഥന എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു, മഴയും ഇടിമിന്നലും ഉള്ള സമയത്തും, കറന്റ് പോകുന്ന സമയത്തും, സംപ്രേഷണ തടസ്സം നേരിട്ട് ‘ഗ്രൈയിൻസ്’ എന്ന വിളിപ്പെരുള്ള കറുത്ത കുത്തുകൾ ടെലിവിഷൻ നിറയുമ്പോഴും, ടിവി കാണാനാകാതെ പലരുടെയും മുഖത്തെ ദുഃഖഭാവം…നിരാശ ഒന്നുകാണായേണ്ടതായിരുന്നു, ആ സമയത്ത് കാലാവസ്ഥ മാറാൻ, കറന്റ് വരുവാൻ ഒരുപാട് പേർ പല ദൈവത്തെയും വിളിച്ചിട്ടുണ്ട്. കറന്റ് എങ്ങാനും ഒന്ന് മിന്നി പോയാൽ എന്തൊരു സന്തോഷമാണെന്നോ. അതൊരു കാലം.
ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ സംപ്രേഷണം ചെയ്തുതുടങ്ങിയ ത്തോടെ ടെലിവിഷൻ വീടുകളിലെ അഭിഭാജ്യഘടകമായി മാറി. കുട്ടികൾ സ്കൂളുകളിൽ പോകാതെയും, മുതിർന്നവർ ജോലിക്കുപോകാതെയും ക്രിക്കറ്റ് കണ്ടിരിപ്പായി. ദൂരദർശൻ,മലയാള പരിപാടികൾ സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോൾ രാത്രി ഏഴുമണിക്കുള്ള വാർത്തകൾ കാണുവാൻ പ്രേക്ഷകർയേറെയായിരുന്നു. ദൂരദർശൻ പരിപാടികളില്ലാത്തപ്പോൾ ടെലിവിഷനിലുള്ള ഗ്രൈയിൻസ്, പിന്നെ സംപ്രേഷണം തുടങ്ങുന്നതിനു തൊട്ടുമുൻപ് കണ്ടിരുന്ന പല കളറുകൾ.. അതിനുശേഷം സുഖകരമായ സംഗീതത്തോടെ കുറെ വലയങ്ങളുമായി ദൂരദർശൻ ആരംഭിക്കുകയായി, സുന്ദരമായ ഓർമ്മകൾ.
തൊണ്ണൂറുകളുടെ മധ്യത്തിൽ ആഗോളവൽക്കരണ മാറ്റങ്ങൾ ഇന്ത്യയിൽ പ്രതിഫലിച്ചു തുടങ്ങിയപ്പോൾ വിദേശ ചാനലുകൾ, ചൈനീസ് വിപ്ലവങ്ങൾ വന്നതോടെ വിലകുറഞ്ഞ, വലിപ്പം കുറഞ്ഞ ടെലിവിഷനുകൾ ഇന്ത്യൻ മാർക്കറ്റിലേക്കും നമ്മുടെ സ്വീകരണ മുറിയിലുമെത്തി. പിന്നീട് എൽ.സി. ഡി ടെലിവിഷൻ, എൽ.ഇ .ഡി ടെലിവിഷൻ, സ്മാർട്ട് ടിവി തുടങ്ങി ഒരു പാട് മാറ്റങ്ങൾ ടെലിവിഷൻ മേഖലയിൽ കണ്ടു. ഏഷ്യാനെറ്റ്,സീ നെറ്റ്വർക്ക് തുടങ്ങിവർ പ്രൈവറ്റ് ചാനലുമായി മുന്നോട്ടു വന്നതോടെ ഇവ ലഭിക്കുവാനായി വലിയ കുട നിവർത്തി വച്ചപോലെ ‘ഡിഷ് ആന്റിന ‘വീടിനു മുന്നിലെത്തി. പിന്നീട് കേബിൾ ശ്രഖല , ഡിഷ്ടിവി, ടാറ്റാ സ്കൈ തുടങ്ങി മറ്റു പല ബ്രോഡ് കാസ്റ്റിംഗ് കമ്പനികളും സംപ്രേഷണം തുടങ്ങിയതോടെ ഒരു പാട് പ്രൈവറ്റ് ചാനലുകൾ ടെലിവിഷനിലെത്തി. ഇരുപത്തി നാലു മണിക്കൂറും സംപ്രേഷണം. റിമോട്ട് കണ്ട്രോൾ വഴി ചാനലുകൾ മാറ്റി മാറ്റി കാണുന്ന സ്ഥിതി.
ടെലിവിഷനും ഒരു ദിവസമെന്നത് കൗതുകകരമായ കാര്യമാണ്, മനുഷ്യന്റെ ജീവിതത്തിനു, മനുഷ്യ മനസ്സിന് ആഹ്ലാദവും സന്തോഷവും തരുന്ന മനുഷ്യ നിർമിത ഉപകരണത്തിന് മനുഷ്യൻ തന്നെ നൽകിയ ഒരു ദിനം.. ഈ ലോക ടെലിവിഷൻ ദിനവും നമുക്ക് ടെലിവിഷൻ കണ്ട് ആസ്വദിക്കാം.