കോതമംഗലം :- ചെറു കാറ്റടിക്കുമ്പോൾ നിറങ്ങൾ നൃത്തം ചെയ്യുന്ന പ്രതീതി ,മനസ്സുനിറക്കുന്ന നിറങ്ങളിൽ ഏതു നിറമാണ് നമ്മെ ആകർഷിക്കുകയെന്ന് പറയുവാൻ വയ്യ. കോതമംഗലത്തെ പല വഴിയോരങ്ങളിലും ചെറു വള്ളികളിൽ തൂക്കി വില്പനക്കായി ട്ടിരിക്കുന്ന പ്ലാസ്റ്റിക് ചെടി ചട്ടികളുടെ കാര്യമാണ് പറഞ്ഞത്. പണ്ടു മുതലേയുള്ള ഒന്നാണെങ്കിലും ഈ കൊറോണ കാലത്ത് ജോലി നക്ഷ്ടപെട്ട കുറെ പേർ, വരുമാനമാർഗമില്ലാതായവർ ചെടിച്ചട്ടി വില്പനയുമായി റോഡരികിൽ എത്തിയപ്പോഴാണ് ഇവ കൂടുതൽ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്.
ചെറിയ പ്ലാസ്റ്റിക് ചട്ടിയും പിന്നെ എവിടെ വേണമെങ്കിലും തൂക്കിയിടുവാൻ പാകത്തിന് വർണാഭമായ പ്ലാസ്റ്റിക് വള്ളിയും ചേർന്ന മനോഹരമായ ചെടിച്ചട്ടി. വീടുകളിൽ കോൺക്രീറ്റ് മേൽക്കൂരയുടെ താഴെ കമ്പിയിലോ , മറ്റു ചരടുകളിലോ തൂക്കിയിട്ടിരിക്കുന്ന പൂച്ചെടികൾ കാണാൻ വളരെ മനോഹരമാണ്. ചെടികൾ വളർന്നു പൂക്കൾ വിടരുമ്പോൾ ചട്ടിയും ചെടിയും വീടിന്റെ ഭംഗി കൂട്ടുന്നു. വീടുകളുടെ മേൽക്കൂരയിൽ തൂക്കിയിട്ട് ചെടി വളർത്തുന്നതിനാൽ ‘ഹാങ്ങിങ് ചട്ടി ‘എന്ന പേരിലാണിവ അറിയപെടുന്നത്.
കോതമംഗലം പട്ടണത്തിനു ചുറ്റുമോന്ന് കണ്ണോടിച്ചാൽ ഹൈവേയുടെ അരികിൽ പലയിടത്തും, ചെറിയ ഗ്രാമപ്രദേശത്തെ വഴിയരികിലും ഈ നയന മനോഹരകാഴ്ച്ച കണ്ടു ജനങ്ങൾ വാഹനങ്ങൾ നിർത്തുകയും തന്മൂലം ചെടിചട്ടി വില്പന തകൃതിയായി നടക്കുകയും ചെയ്യുന്നുണ്ട്. മഴവില്ലിൻ നിറങ്ങൾ പോലെ വിവിധ വർണങ്ങളിൽ കാഴ്ച്ചക്കഴകേകുന്ന ഒന്നായിതുമാറിയിട്ടുണ്ട്.
ഉത്സവപറമ്പുകളിൽ കച്ചവടം ചെയ്തിരുന്നവരും,മറ്റു പല ജോലികളിലും ഏർപ്പെട്ടിരുന്നവരും മഹാമാരിയെ അതിജീവിക്കാനായിട്ടാണ് ഇതു പോലുള്ള വ്യത്യസ്തമായ വ്യാപാരങ്ങൾക്കിറങ്ങിയത്. ഇപ്പോൾ വീടുകളിൽ തന്നെയിരിക്കുന്ന പല കുടുംബാംഗങ്ങളും പൂച്ചെടി പരിപാലനത്തിൽ ശ്രദ്ധയുന്നിയിരിക്കുന്നത് ചെടിചട്ടി കച്ചവടം കൂട്ടിയിട്ടുമുണ്ട്. എന്തായാലും വീട് പണി കഴിഞ്ഞപ്പോഴോ, ആൾ താമസം തുടങ്ങിയശേഷമോ ജനശ്രദ്ധയിൽ വരാത്ത പല വീടും ഇപ്പോൾ ചട്ടികൾ തൂക്കി, ചെടികൾ വളർന്നു, ദൃശ്യ
മനോഹരമായപ്പോൾ ജനങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.ഒരു വീട്ടിൽ ഭംഗിയുള്ള ചട്ടി വാങ്ങി ചെടികൾ തൂക്കി കഴിഞ്ഞാൽ അയല്പക്കത്തെ വീടുകളും പതിയെ ചെടിച്ചട്ടി വാങ്ങി വെക്കുന്ന കാഴ്ച്ചയും കാണാം.
ചെടിചട്ടി വാങ്ങുന്നതിലല്ല കാര്യം,കുറച്ചു തുകയുടെ വ്യത്യാസ മുണ്ടങ്കിലും നല്ല ഗുണമെന്മയുള്ള ചട്ടി തന്നെ വേണം വാങ്ങുവാൻ, അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ തന്നെ ദിവസവും വെയിൽ കൊള്ളുന്ന ചട്ടിയുടെ നിറം മങ്ങിപോവുന്നതാണ്. അതു പോലെ ചട്ടിയിൽ ചെടി നട്ടു അശ്രദ്ധമായി പരിപാലിക്കരുത് ചട്ടി ക്കുള്ളിൽ പുഴുവും മറ്റു പല ഇഴജന്തുകളും എത്തിച്ചേരാൻ സാധ്യതയേറെയുണ്ട്.
നാൽപതു രൂപമുതൽ എഴുപതു രൂപ വരെ വിലയുള്ള വിവിധ വിലയിലുള്ള ചട്ടികൾ ഇപ്പോൾ ലഭ്യമാണ്. ഇവയുടെ വിപണന സാധ്യതയും, ആവശ്യകതയും അറിഞ്ഞ പല ചെറു കിട വ്യാപാര സ്ഥാപനങ്ങളും ഇപ്പോൾ’ഹാങ്കിങ് ചട്ടികൾ’ വില്പനക്കായി കടയിൽ തൂക്കിയിട്ടിട്ടുമുണ്ട്.
പണ്ട് വീടിന്റെ മുറ്റത്തി നരികിലും പിന്നീട് വലിയ മൺ ചെടിചട്ടിയിലും, ചാക്കുകളിലുമൊക്കെ മാറി മാറി വ്യത്യസ്ഥത പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പൂന്തോട്ട ചെടി പരിപാലനത്തിൽ ദൂരെ നിന്നുപോലും ശ്രദ്ധയാകർഷിക്കുന്ന ‘ഹാങ്ങിങ് ചട്ടികളും’ അവയുടെ സ്ഥാനമുറപ്പിക്കുകയാണ്.