കോതമംഗലം :- മാറ്റത്തിന് ഒരു വോട്ട്, നമ്മുടെ സ്ഥാനാർഥി, നാടുണരുന്നു, തിരഞ്ഞെടുപ്പ് കാലമായി.,തുടങ്ങി കുറെയേറെ വാചകങ്ങളുമായി സ്ഥാനാർഥി ചിത്രങ്ങൾ ഫേസ് ബുക്ക്, വാട്സ്ആപ് എന്നുവേണ്ട എല്ലാവിധ ഓൺലൈൻ മാധ്യമങ്ങളിലും, ഇപ്രാവശ്യത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂടും, വീറും വാശിയും, വാഗ്വാദങ്ങളും കണ്ടുതുടങ്ങി. പ്രചാരണത്തിന് പുതു വഴികൾ തേടുകയാണ് സ്ഥാനാർഥികൾ.
കൊറോണ മഹാമാരി ഭീതി കാരണം മുൻകാലങ്ങളെ പോലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള സ്ഥാനാർഥികളുടെ പ്രചാരണത്തിനു തടസ്സങ്ങളുണ്ട്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയിലെ നൂതന സാങ്കേതിക വിദ്യകൾ എല്ലാം പ്രയോജനപ്പെടുത്തിയാണ് ഇപ്പോൾ കൂടുതൽ പ്രചാരണം.വീടുകൾ തോറും സ്ഥാനാർഥി ഒറ്റക്കോ, രണ്ടോ മൂന്നോ പേരുമായോ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ജനങ്ങളെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്നുമുണ്ട്. വിവിധ മൊബൈൽ കമ്പനികൾ ‘ത്രീ ജി’ ആയി ‘ഫോർ ജി ‘ആയി ഇന്റർനെറ്റിനെ ജനകീയമാക്കിയതും കൊറോണ കാരണം പഠനം ഓൺലൈൻ ക്ലാസുകൾ വഴിയായതിനാലും എല്ലാവീടുകളിലുമിപ്പോൾ സ്മാർട് ഫോണായി. അതിൽ തന്നെ പ്രായമായവർ മുതൽ കുഞ്ഞുങ്ങൾ വരെ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയെല്ലാമുപയോഗിക്കുന്നവരാണ്.
ഭവന സന്ദർശന വേളയിലും മറ്റും മാസ്ക് ധരിക്കേണ്ടതുള്ളതിനാൽ സ്ഥാനാർഥികൾ മാസ്ക് മാറ്റി പരമാവധി സുന്ദരി സുന്ദരന്മാരായി സാമൂഹിക മാധ്യമങ്ങളിൽ മിന്നി തിളങ്ങുകയാണ്.ദിവസവും ആരെങ്കിലമൊക്കെ സ്ഥാനാർഥി പോസ്റ്റുകൾ, ചിത്രങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിനാൽ വോട്ടർമാരെ നേരിട്ട് വീടുകളിലും, കവലകളിലും കാണുന്ന വേളയിൽ മാസ്കുണ്ടെങ്കിലും സ്ഥാനാർഥിയെ പെട്ടന്ന് അറിയുവാൻ ഇതുമൂലം സാധിക്കുന്നുമുണ്ട്.പുതു മുഖങ്ങൾക്ക് സാമൂഹിക മാധ്യമ പ്രചാരണം കുറച്ചൊന്നുമല്ല ഗുണം ചെയ്യുന്നത്.
കോവിഡ് ഭീഷണി കാരണം വീടുകളിൽ ഇരിക്കുന്ന പലരും സമയം പോകാനായി വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവ ഉപയോഗിച്ചും തുടങ്ങി. ഒരു വാർഡിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി തുടങ്ങുന്നതിനു മുൻപേ പലമണ്ഡലത്തിലും സ്വയം സ്ഥാനാർഥിയായി പലരും ഫേസ് ബുക്കിൽ പോസ്റ്റിട്ടതും പിന്നീട് മറ്റൊരാൾ സ്ഥാനാർഥിയായപ്പോഴും, വാർഡ് സംവരണമായപ്പോഴുമെല്ലാം അതു മാറ്റിയതുമെല്ലാം ഇപ്പോൾ കൗതുക കാഴ്ചയാണ്. പണ്ടൊക്കെ ആരൊക്കയാണ് മത്സരിക്കുന്നതെന്നു മുതിർന്നവർ മാത്രമേ അറിഞ്ഞിരുന്നോളു ഇപ്പോഴാകട്ടെ മൊബൈൽ വഴി കുട്ടികൾക്ക് വരെ സ്ഥാനാർഥികളെ പരിചയമായി . സ്ഥാനാർഥി വീടുകളിൽ നേരിട്ട് ചെല്ലുമ്പോൾ ഫേസ്ബുക്കിൽ, വാട്സാപ്പിൽ കണ്ടിരുന്നു… അറിയാം….സഹായിക്കാം
എന്നെല്ലാം സ്ഥാനാർഥിയോട് നേരിട്ട് അങ്ങോട്ട് പറയുന്ന വീട്ടുകാർ വരെയുണ്ട്.
ഇവയൊക്കെ അല്ലാതെ ട്രോളുകളുടെ പെരുമഴയാണ് സോഷ്യൽ മീഡിയകളിൽ, സിനിമ പാട്ടുകളും, സിനിമ രംഗങ്ങളുമായി ട്രോൾ പ്രളയം…ചിലരാകട്ടെ വികസന പ്രവർത്തനങ്ങളും മറ്റു കാര്യങ്ങളും ചേർത്തു ഷോർട്ട് ഫിലിം വരെ തയാറാക്കി യുട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് സോഷ്യൽ മീഡിയ വഴി സ്ഥാനാർഥികളെ വിജയത്തിലെത്തിക്കാൻ വേണ്ടി ഒരു നിശ്ചിത തുക വാങ്ങി പല സ്വകാര്യ ഏജൻസികളും ജോലി ചെയ്യുന്നുണ്ട്. സ്ഥാനാർഥികളുടെ ചിഹ്നമുള്ള മാസ്കുകൾ തയ്ച്ചു കൊടുക്കുന്ന പല സ്ഥാപനങ്ങളും തുറന്നിട്ടുമുണ്ട്. കുറെയേറെ പുതു മുഖങ്ങൾ, ചെറുപ്പക്കാർ, സ്ത്രീ ജനങ്ങളെല്ലാം ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ രംഗത്തുവന്നിട്ടുമുണ്ട് .
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയേതുമാകട്ടെ അവനവന്റെ വാർഡിന്റെ, നാടിന്റെ വികസനത്തിന് ഉതകുന്ന ഒരാളെ തിരഞ്ഞെടുക്കാൻ ഇതു പോലുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണം ഒരു പരിധി വരെ ജനങ്ങളെ സഹായിക്കും, സ്ഥിരമായി സോഷ്യൽ മീഡിയയിൽ സ്ഥാനാർഥിയുടെ ഫോട്ടോ, വികസന മാതൃക, വിജയിച്ചാൽ ചെയ്യുവാൻ പോകുന്നതെന്താണ് തുടങ്ങി എല്ലാവിധ കാര്യങ്ങളും വരുന്നതിനാൽ ആരെ ജയിപ്പിക്കണം , ആരു ജയിച്ചാൽ നാടിനു നല്ലതാണ് എന്ന് വോട്ടർക്കു തീരുമാനിക്കാൻ പുതിയ ഓൺലൈൻ പ്രചാരണം സഹായകമാണ്.
പണ്ട് വാക്കാൽ പറഞ്ഞു വോട്ടു തേടുന്ന പോലെയല്ല പുതിയ പ്രചാരണരീതി, എല്ലാമിപ്പോൾ സോഷ്യൽ മീഡിയയിൽ രേഖപെടുത്തുന്നു, ഒരു സോഷ്യൽ മീഡിയ ഓഡിറ്റ് നടക്കുന്നുമുണ്ട്, എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകൾക്കും, കുടുംബങ്ങൾക്കും, മറ്റു അസോസിയേഷനുകൾക്കും ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്, ഈ ഗ്രൂപ്പുകളിൽ ആരെ വിജയിപ്പിക്കണമെന്ന ചർച്ചകൾ സജീവമാണ്. വാട്സ്ആപ്പ്, ഫേസ്ബുക്ക് വഴി സ്ഥാനാർഥി ആരെന്ന ചിത്രം ഫോർവേഡ്, ഷെയർ ചെയ്തു പോകുന്നതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളികൾക്ക് അവനവന്റെ നാട്ടിലെ വാർഡുകളിൽ ആരാണ് സ്ഥാനാർഥിയെന്ന് മനസ്സിലാക്കി, അവരിൽ നല്ല ആളുകൾ ആരൊക്കയെന്നു തിരിച്ചറിഞ്ഞു നാട്ടിലെ അച്ഛനമ്മമാർ, മറ്റു ബന്ധുക്കൾ തുടങ്ങിയവരോട് ഈ വ്യക്തിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞു വോട്ടുചെയ്യിപ്പിക്കാനും സാധിക്കും.
നാട്ടിലെ ഇലക്ഷൻ ഓഫീസ് ഉൽഘാടനം, ഭവന സന്ദർശന ചിത്രങ്ങൾ എല്ലാം അപ്പപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥാനാർഥികൾ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. കൊറോണ ജനങ്ങളുടെ ജീവിത രീതിയിൽ മാറ്റം വരുത്തിയിട്ടുള്ളപോലെ സോഷ്യൽ മീഡിയ പ്രചാരണം സ്ഥാനാർഥി ഉദ്ദേശിച്ചപോലെ ജനങ്ങളുടെ ചിന്തകളിൽ മാറ്റങ്ങൾ കൊണ്ടുവന്നോ, വിജയത്തിനുപകരിച്ചോ യെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാം. നാടിന്റെ വികസനത്തിന് ഒരു പുതിയ മുഖം വേണമെന്ന് ജനങ്ങൾ ചിന്തിക്കിന്നുവെങ്കിൽ സ്ഥാനാർഥികളെ മനസ്സിലാക്കി നല്ലവണ്ണം ചിന്തിച്ചു, ചർച്ചകൾ നടത്തി വോട്ട് ചെയ്യുവാൻ ഈ സോഷ്യൽ മീഡിയ കുറച്ചൊന്നുമല്ല വോട്ടർമാരെ സഹായിക്കുക. രാഷ്ട്രീയ പാർട്ടി ഏതുമാകട്ടെ നാടിന്റെ വികസനം…അതു നോക്കിയുള്ള വോട്ടിംഗ് അതാകട്ടെ ഈ പ്രാവശ്യം. ഒരു നാട് മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചിന്തിച്ചു, വിശകലനം ചെയ്തു വോട്ട് ചെയ്യുക.. സോഷ്യൽ മീഡിയ പ്രചാരണം അതിനു നമ്മെ സഹായിക്കുന്ന ഒന്ന് മാത്രമാണ്.